/sathyam/media/media_files/Dl8Nhn23NKV6uKPpkPiI.jpg)
ചെന്നൈ: സേലത്ത് വ്യാജമദ്യം ഉണ്ടാക്കിയ എഐഎഡിഎംകെ അംഗം അറസ്റ്റില്‍. 53 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധനയിലാണ് സുരേഷ് കുമാര്‍ (40) പിടിയിലായത്.
സുരേഷ് കുമാറിനെതിരെ വ്യാജമദ്യം കൈവശം വച്ചതിനും വില്‍പ്പന നടത്തിയതിനും നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
ആറ്റൂരില്‍ പട്രോളിങ്ങിനിടെയാണ് സുരേഷ് കുമാറിന്റെ വ്യാജമദ്യ കേന്ദ്രം പോലീസ് കണ്ടെത്തി മദ്യം നശിപ്പിച്ചത്. എഐഎഡിഎംകെ അംഗത്തെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി, കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
തമിഴ്നാട് മദ്യ നിരോധന നിയമത്തിലെ സെക്ഷന്‍ 4(1) (എ), 4(1എ), ഐപിസി സെക്ഷന്‍ 329 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സുരേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കല്ലകുറിശ്ശി ദുരന്തത്തിനെതിരെ സംസ്ഥാന നിയമസഭയില്‍ എഐഎഡിഎംകെ പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്.