Advertisment

ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകം; 8 പേർ അറസ്റ്റിൽ

കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ചെന്നൈ അഡീഷണൽ കമ്മീഷണർ അസ്ര ഗാർഗ് പറഞ്ഞു.

New Update
Armstrong

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് പ്രസിഡൻ്റ് ആംസ്‌ട്രോംങ്ങിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ചെന്നൈ അഡീഷണൽ കമ്മീഷണർ അസ്ര ഗാർഗ്.

Advertisment

പൊന്നായി ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെൽവരാജ്, മണിവണ്ണൻ, സന്തോഷ്, അരുൾ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ വർഷം ചെന്നൈയിൽ ആർക്കോട് സുരേഷ് എന്ന ക്രിമിനല്‍ കൊല്ലപ്പെട്ടിരുന്നു. ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ എട്ടുപേരും ആർക്കോട് സുരേഷിൻ്റെ ബന്ധുക്കളോ സംഘത്തിലെ അംഗങ്ങളോ ആണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആർക്കോട്ട് സുരേഷിൻ്റെ സഹോദരനാണ് പൊന്നായി ബാല. ആർക്കോട്ട് സുരേഷിൻ്റെ കൊലപാതകത്തിൽ ആംസ്ട്രോങ്ങിന് പങ്കുണ്ടെന്ന് പ്രതികൾ വിശ്വസിച്ചിരുന്നു. 

കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് ചെന്നൈ അഡീഷണൽ കമ്മീഷണർ അസ്ര ഗാർഗ് പറഞ്ഞു.

അതിനിടെ, ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ ശേഷം കൊലക്കേസ് പ്രതികൾ ഓടി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിലെത്തിയ അജ്ഞാത സംഘം ആംസ്‌ട്രോങ്ങിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും റോഡിൽ വെച്ച് മാരകമായി പരിക്കേൽക്കുകയും ചെയ്‌തെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ആക്രമണത്തെ തുടർന്ന് ആംസ്ട്രോങ്ങിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആംസ്‌ട്രോംങ്ങിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു.

Advertisment