ചെന്നൈ: തൊഴില്‍ തട്ടിപ്പ് കേസില്‍ കൈക്കൂലി വാങ്ങാന്‍ സെന്തില്‍ ബാലാജിയും ഗൂഢാലോചന നടത്തിയെന്ന് ഇഡി. തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ 3000 പേജുള്ള കുറ്റപത്രത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാമര്‍ശം.
ബാലാജിയെ പ്രതിയാക്കി 2000-ലധികം പേജുകളുള്ള അനുബന്ധങ്ങളും 168-170 പേജുള്ള രേഖകളും ഉള്‍പ്പെടുത്തി കേന്ദ്ര ഏജന്‍സി ഓഗസ്റ്റ് 12-ന് പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു.
''അന്നത്തെ ഗതാഗത മന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക പദവി, അഴിമതിയ്ക്കും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായ നേട്ടത്തിനായും ഉപയോഗപ്പെടുത്താന്‍ സെന്തില്‍ ബാലാജി നിര്‍ണായകമായ പങ്ക് വഹിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന അനധികൃത വരുമാനം അദ്ദേഹം നേരിട്ട് സമ്പാദിച്ചതാണ്. സെന്തില്‍ ബാലാജി, സഹോദരന്‍, പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള സഹ ഗൂഢാലോചനക്കാരുമായി സഹകരിച്ചാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത്.' -കുറ്റപത്രത്തില്‍ ഇഡി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രകാരം നല്‍കിയ മൊഴിയില്‍ സഹായികളായ ഷണ്‍മുഖന്‍, കാര്‍ത്തികേയന്‍ എന്നിവരുമായുള്ള ബന്ധം ബാലാജി നിഷേധിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ബാലാജിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.
തന്റെ സഹോദരന്‍ വഴിയും കൂട്ടാളികളിലൂടെയും ബാലാജി പണം കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍, പണപ്പിരിവും ജോലി നിയമനങ്ങളും വ്യക്തമാക്കുന്നതാണെന്നും ഇഡി പറഞ്ഞു.
തട്ടിപ്പിലൂടെ ലഭിച്ച വരുമാനം ബാലാജി തന്നെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഇത് നിയമപരമായ പണമായി ഉപയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.