/sathyam/media/media_files/UU9wYPgpAEYejdCrJQ6j.jpg)
ചെന്നൈ: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ബയോ മെഡിക്കൽ മാലിന്യം നീക്കം ചെയ്യുന്നവർക്കെതിരേ ഗുണ്ടാനിയമം ചുമത്താൻ നിയമഭേദഗതിക്ക് ഒരുങ്ങുകയാണ് തമിഴ്നാട്. മദ്രാസ് ഹൈക്കോടതി ഇതിന് അനുകൂലമായ ഉത്തരവ് നൽകിക്കഴിഞ്ഞു. ഗുണ്ടാനിയമം ഭേദഗതി ചെയ്യാനാണ് അനുമതി. 1982ലെ 14-ാം ആക്ടിൽ ഭേദഗതി കൊണ്ടുവരണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചത്.
മേയ് 27ന് ആലങ്ങുളം-തിരുനെൽവേലി റോഡിലെ കുറുവൻകോട്ട ഗ്രാമത്തിൽ കേരളത്തിൽ നിന്നുള്ള വാഹനം ബയോമെഡിക്കൽ മാലിന്യം തള്ളുന്നത് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വാഹനം കയ്യോടെ പിടിച്ചതാണ് കേസിന് ആസ്പദമായ സംഭവം.
ഹെൽത്ത് ഇൻസ്‌പെക്ടർ പൊതുജനങ്ങളുടെ സഹായത്തോടെ വാഹനം പിടികൂടി പോലീസിന് കൈമാറി. തുടർന്ന് പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് വാഹനം ആലങ്ങുളം ജെ.എം കോടതിയിൽ ഹാജരാക്കി. തുടർന്ന്, വാഹനത്തിന്റെ ഇടക്കാല കസ്റ്റഡി ആവശ്യപ്പെട്ട് വാഹന ഉടമ ജെ.എം കോടതിയിൽ അപേക്ഷ നൽകി. ആഗസ്ത് രണ്ടിലെ ഉത്തരവുപ്രകാരം ചില നിബന്ധനകൾ ഏർപ്പെടുത്തി സി.ജെ.എം കോടതി അപേക്ഷ അനുവദിച്ചു. എന്നാൽ മജിസ്‌ട്രേറ്റിൻറെ ഉത്തരവ് തെറ്റാണെന്ന് നിരീക്ഷിച്ച മധുര ബെഞ്ചിലെ ജസ്റ്റിസ് രാമകൃഷ്ണൻ ഉത്തരവ് റദ്ദാക്കി.
ആശുപത്രികളിൽ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ജൈവ - മെഡിക്കൽ മാലിന്യങ്ങൾ കൊണ്ടുപോകുന്നത് ബിഎംഡബ്ല്യുഎം നിയമങ്ങൾ വിലക്കുന്നുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ബയോമെഡിക്കൽ മാലിന്യം കടത്തുന്നത് പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും അപകടമുണ്ടാക്കുമെന്ന അറിവോടെ തന്നെ വാഹന ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും ജഡ്ജി നിരീക്ഷിച്ചു. ബിഎംഡബ്ല്യുഎം നിയമങ്ങൾ ലംഘിച്ചത് മാത്രമല്ല പ്രശ്നമെന്ന് കോടതി നിരീക്ഷിച്ചു.
കേരളത്തിൽ നിന്ന് ചെക്ക്പോസ്റ്റ് വഴി മാലിന്യം കടത്തിവിടരുതെന്ന 2018ലെ ഡിവിഷൻ ബെഞ്ച് ഉത്തരവും ലംഘിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പരിസ്ഥിതി നശീകരണം നിയന്ത്രിക്കാനും പാരിസ്ഥിതിക നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുമുള്ള ഹൈക്കോടതികളുടെ കടമ ഓർമിപ്പിക്കുന്ന സുപ്രീംകോടതി വിധിയും ജഡ്ജി സ്മരിച്ചു.
മലിനീകരണ നിയന്ത്രണത്തിനുള്ള ബിഎംഡബ്ല്യുഎം നിയമങ്ങൾ ലംഘിക്കുന്നവരെ 'ഗുണ്ട' എന്ന നിർവചനത്തിന് കീഴിൽ കൊണ്ടുവരുന്നതിനോട് തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ അനുകൂലിച്ചു. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മെഡിക്കൽ മാലിന്യം കൊണ്ടുപോകുന്ന വ്യക്തികളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് രാമകൃഷ്ണൻ പറഞ്ഞു. എന്തായാലും തമിഴ്നാട്ടിലേക്ക് മാലിന്യം തള്ളാൻ പോവുന്നവർക്കെതിരേ ഗുണ്ടാനിയമം ചുമത്താൻ ഇനി ഏറെ വൈകില്ലെന്നുറപ്പാണ്.