/sathyam/media/media_files/ZUpqr86ZYz1XeFGpaVou.jpg)
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായി ചെന്നൈയിൽ അതിശക്തമായി മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ചെന്നൈയിലെ പല ജില്ലകളിലും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി ഒരു വീഡിയോ സമൂഹ മാദ്ധ്യങ്ങളിൽ പ്രചരിക്കുന്നത്.
മഴ കനത്തതോടെ ചെന്നൈയിൽ മുതലകളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പെരുങ്ങലത്തൂർ മേഖലയിലാണ് മുതലയെ കണ്ടിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. കനത്ത മഴയെ തുടർന്ന് നദികളെല്ലാം കരകവിഞ്ഞതോടെയാണ് മുതല നഗരത്തിൽ എത്തിച്ചേർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. അനാവശ്യമായി പുറത്തിറങ്ങുന്നതിനും മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിട്ടുണ്ട്.