ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ച് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍. ഗവര്‍ണര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യനായെന്നും ഇളങ്കോവന്‍ പറഞ്ഞു.
തമിഴ്‌നാട് എവിടെയാണെന്ന് ഗവര്‍ണര്‍ക്ക് അറിയില്ല. തമിഴ്‌നാട് എവിടെയാണെന്ന് അദ്ദേഹം ആദ്യം കണ്ടെത്തണം. കഴിഞ്ഞ 25 വര്‍ഷമായി ഗവര്‍ണറുടെ പ്രസംഗത്തിന് മുമ്പ് നിയമസഭയില്‍ തമിഴ് ഗാനമാണ് ആദ്യം ആലപിക്കുന്നത്. ഒടുവിലാണ് ദേശീയഗാനം ആലപിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നതിനോട് യോജിക്കാന്‍ ഗവര്‍ണര്‍ ആരാണെന്നും ഇളങ്കോവന്‍ ചോദിച്ചു.
നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം വായിക്കാന്‍ കൂട്ടാക്കാതിരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് ഇളങ്കോവന്റെ പരാമര്‍ശം.
സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് നിയമസഭയില്‍ ഗവര്‍ണര്‍ക്ക് വായിക്കാന്‍ കൊടുക്കുന്നത്. അദ്ദേഹം വായിച്ചാലും ഇല്ലെങ്കിലും അത് നിയമസഭാ നടപടികളുടെ ഭാഗമായി മാറും. തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയത് സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ നയപ്രഖ്യാപനത്തില്‍ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്.
പാര്‍ലമെന്റില്‍ രാഷ്ട്രപതി വായിക്കുന്ന നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത് രാഷ്ട്രപതിയല്ല. സര്‍ക്കാര്‍ കാബിനറ്റാണ് നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നത്. രാഷ്ട്രപതി അതു വായിക്കുകയാണ് ചെയ്യുന്നതെന്ന് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ പല ഭാഗങ്ങളോടും യോജിപ്പില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സ്പീക്കറാണ് നയപ്രഖ്യാപനം വായിച്ചത്.