/sathyam/media/media_files/LabtbrqPozd9yFmtphi9.jpg)
representational image
ചെന്നൈ: തമിഴ്‌നാട്ടില്‍ 22കാരി മരിച്ചത് ഷവര്‍മ കഴിച്ചത് മൂലമുണ്ടായ ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ബുധനാഴ്ച ചെന്നൈയിലെ വനഗരത്തിന് സമീപമാണ് സംഭവം. വാനഗരത്തിനടുത്ത് തിരുവീടി അമ്മൻ തെരുവിൽ താമസിക്കുന്ന ശ്വേതയാണ് മരിച്ചത്.
നൂമ്പാലിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു ശ്വേത. സഹോദരനോടൊപ്പം ഒരു പ്രാദേശിക ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിൽ നിന്ന് ശ്വേത ഷവർമ കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടിലെത്തി മീൻകറിയും കഴിച്ചു.
രാത്രി ഛർദ്ദിക്കാൻ തുടങ്ങി. പിന്നാലെ ബോധക്ഷയം സംഭവിച്ചു. ഇതേത്തുടർന്ന് യുവതിയെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില മെച്ചപ്പെടാതെ വന്നതോടെ ശ്വേതയെ ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ചയാണ് യുവ അധ്യാപിക മരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശ്വേതയുടെ ജീവൻ നഷ്ടപ്പെട്ടത് കഴിച്ച ഭക്ഷണം മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
ഈ വർഷം മാർച്ചിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി ഭക്ഷണശാലകളിൽ തമിഴ്‌നാട് ഭക്ഷ്യവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നാമക്കൽ ജില്ലയിൽ ഷവർമ കഴിച്ച് 13 വയസുകാരി മരിച്ച സംഭവത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.