/sathyam/media/media_files/pihRrJdN1Z5wffYgvTos.jpg)
ചെന്നെ: തമിഴ്നാട്ടിൽ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടിനിടെ മൃഗങ്ങളുടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. ശിവഗംഗ ജില്ലയിൽ സിറവയലിൽ ബുധനാഴ്ചയാണ് സംഭവം. മത്സരത്തിന് ശേഷം വിരണ്ടോടിയ കാളകളാണ് രണ്ട് പേരെ കുത്തി കൊന്നത്.
കാണികളായ രണ്ട് പേരാണ് മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ട്. മറ്റ് സ്ഥലങ്ങളിൽനിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുരയിലെ പാൽമേട്ടിൽ ചൊവ്വാഴ്ച നടന്ന ജല്ലിക്കെട്ടിനിടെ 60 പേർക്കാണ് പരിക്കേറ്റത്.
ജല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീംകോടതിയുടെ കൃത്യമായ മാർഗ നിർദേശങ്ങൾ നിലനിൽക്കവേയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. മത്സരം നടക്കുന്ന സ്ഥലം ശക്തമായ ഇരട്ട സുരക്ഷാ വേലിക്കുള്ളിൽ ആയിരിക്കണം. കാണികളെ മൃഗങ്ങൾ ആക്രമിക്കാത്ത വിധം മുൻകരുതലുകൾ സ്വീകരിക്കാനും കോടതിയുടെ നിർദേശമുണ്ട്.