ചെന്നൈ: ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും മുൻനിരയിലേക്ക് എത്തിക്കുന്നതിനുമായി 4000 കോടി രൂപയുടെ വമ്പൻ പദ്ധതിയുമായി ജിയോ ഹോട്ട്സ്റ്റാർ.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ധാരണ പത്രത്തിൽ ഒപ്പ് വെച്ചു.
ദക്ഷിണേന്ത്യൻ ഭാഷകളിൽ പുതുതായി അവതരിപ്പിക്കുന്ന സിനിമ, സീരീസുകൾ എന്നിവ പ്രഖ്യാപിക്കുന്നതിനായി സംഘടിപ്പിച്ച് ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് പരിപാടിയിൽ കമ്പനിയുടെ എം.വി.ഒ.ഡി ബിസിനസ് മേധാവിയും ചീഫ് മാർക്കറ്റിങ് ഓഫീസറുമായ സുശാന്ത് ശ്രീറാം, സൗത്ത് ക്ലസ്റ്റർ എന്റർടൈൻമെന്റ് ബിസിനസ് മേധാവി കൃഷ്ണൻ കുട്ടി എന്നിവരാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രാദേശികമായ ചലച്ചിത്ര–മാധ്യമ സ്ഥാപനങ്ങളുമായി സഹകരണം വർധിപ്പിക്കുക, പുതുതലമുറ സ്രഷ്ടാക്കളെ പിന്തുണയ്ക്കുക എന്നിവയാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
നിക്ഷേപം തമിഴ്നാട് സർക്കാർ–ജിയോ ഹോട്ട്സ്റ്റാർ കൂട്ടുകെട്ടിലെ വിപുലമായ സഹകരണത്തിന്റെ ഒരു ഘടകമാണെന്ന് അതികൃതർ വ്യക്തമാക്കി.
ചെന്നൈയിൽ സംഘടിപ്പിച്ച ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് ഇവന്റ് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.
പ്രമുഖ സിനിമാ താരങ്ങളായ മോഹൻലാൽ, കമൽഹാസൻ, നാഗാർജുന, വിജയ് സേതുപതി തുടങ്ങിയ വമ്പൻ താരനിര അണി നിരന്നു. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ നാഗാർജുനയും വിജയ് സേതുപതിയും ചേർന്ന് ആദരിച്ചു.