ചെന്നൈ: മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്‍ട്രോളജി വിദഗ്ദ്ധനുമായ ഡോ. യു കാര്‍ത്തി(42) യുടെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍. വിചിത്രമായ രീതിയില്‍ ഇരുകൈകളിലും ഡ്രിപ്പിട്ട് രക്തം പുറത്തേക്കൊഴുക്കിയാണ് കാര്‍ത്തി ആത്മഹത്യ ചെയ്തത്. ചെന്നൈയ്ക്ക് സമീപം ആള്‍വാര്‍പേട്ടിലാണ് സംഭവം ഏവരേയും ഞെട്ടിക്കുന്ന മരണം നടന്നത്.
ചെന്നെയില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു കാര്‍ത്തിയുടെ താമസം. ആറ് മാസം മുമ്പാണ് രാജീവ് ഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി കാര്‍ത്തി ജോലിയില്‍ പ്രവേശിച്ചത്. കോവിഡ് കാലത്ത് ചെങ്കല്‍പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാര്‍ത്തി സേവനം അനുഷ്ഠിച്ചിരുന്നു.
ഇതിനിടെ മൂന്ന് തവണ അദ്ദേഹത്തെ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. തന്നെ കാണാനെത്തുന്ന രോഗികളോട് സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ഡോ: കാര്‍ത്തി. ജോലിയെ ആത്മാവര്‍ത്ഥതയോടെ സമീപിച്ചിരുന്ന വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകരും അനുസ്മരിക്കുന്നു.
വൈദ്യമേഖലയില്‍ പ്രശസ്തയായ കടുംബത്തിലെ അംഗമാണ് കാര്‍ത്തി. പുതുച്ചേരിയില്‍ ഡോക്ടറായ ഉലകനാഥന്റെയും കസ്തൂരിയുടെയും മകനാണ് അദ്ദേഹം. കാര്‍ത്തിയുടെ സഹോദരി ദീപ അമേരിക്കയില്‍ ഡോക്ടറാണ്. ജോലിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വിവാഹം പോലും വേണ്ടെന്ന് വച്ചയാളാണ് കാര്‍ത്തി.
അമേരിക്കയിലുള്ള സഹോദരി ദീപയുമായി അദ്ദേഹം ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ദിവസമായി കാര്‍ത്തിയെ ഫോണി'ല്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. സഹോദരനെ ഫോണില്‍ കിട്ടാതായതോടെ ദീപ പുതുച്ചേരിയിലുള്ള പിതാവ് ഉലകനാഥനെ വിവരമറിയിക്കുകയായിരുന്നു.
പിതാവും കാര്‍ത്തിയ നിരവധി തവണ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു എങ്കിലും ആരും എടുത്തിരുന്നില്ല. തുടര്‍ന്ന് ദീപയുടെ നിര്‍ദേശപ്രകാരം സുഹൃത്ത് ഡോ. ശ്രീവിദ്യ കാര്‍ത്തി താമസിച്ചിരുന്ന വീട്ടില്‍ എത്തി.
അവിടെ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലാണ് കണ്ടത്. അതേസമയം വീടിനുള്ളില്‍ കടുത്ത ദുര്‍ഗന്ധം ഉയരുകയും ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് അകത്തു കയറി ശപരിശോധിച്ചപ്പോഴാണ് ചോരവാര്‍ന്ന് കസേരയില്‍ മരിച്ചിരിക്കുന്ന നിലയില്‍ കാര്‍ത്തിയുടെ മൃതദേഹം കണ്ടത്.
ശ്രീവിദ്യ കണ്ടെത്തുമ്പോള്‍ മൃതദേഹം അഴുകി തുടങ്ങിയിരുന്നു.തുടര്‍ന്ന് അവര്‍ അറിയിച്ചതനുസരിച്ച് തേനാംപേട്ട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇരു കൈകളിലും ഡ്രിപ്പ് ഇട്ട് ചോര ഒഴുക്കിക്കളഞ്ഞായിരുന്നു കാര്‍ത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.