/sathyam/media/media_files/sIKwWW9fF2zpvRq5Gzf4.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
എല്ലാ റൗഡികളും ബിജെപിയിലാണുള്ളതെന്നും തമിഴ്നാട്ടിലെ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്നും സ്റ്റാലിൻ ചോദിച്ചു.
സേലത്ത് ഡിഎംകെ സ്ഥാനാർത്ഥി ടി എം സെൽവഗണപതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ബിജെപിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ട്. എല്ലാ റൗഡികളും പ്രധാനമന്ത്രിയുടെ പാർട്ടിയിലാണ്.
പിന്നെ ക്രമസമാധാനത്തെക്കുറിച്ച് പറയാൻ മോദിക്ക് എന്ത് അവകാശമാണുള്ളത്", സ്റ്റാലിൻ ചോദിച്ചു. ബിജെപി നേതാക്കൾക്കെതിരെ 1,977 കേസുകൾ ഉണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
മോദി ഒരു ഹിപ്പോക്രാറ്റ് ആണെന്നും സ്റ്റാലിൻ പരിഹസിച്ചു. ആകാശവാണി എന്ന ഹിന്ദി വാക്കിന് പകരം ഇനി വാനൊളി എന്ന മനോഹര തമിഴ് പദം ഉപയോഗിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തെക്കുറിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
തമിഴ് മോദിയുടെ മാതൃഭാഷയല്ലെന്നോർക്കണമെന്ന് പറഞ്ഞാണ് സ്റ്റാലിൻ അദ്ദേഹത്തെ ഹിപ്പോക്രാറ്റ് എന്ന് വിശേഷിപ്പിച്ചത്. മോദിയുടെയും കേന്ദ്രസർക്കാരിന്റെയും കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. മോദിയുടെ കണ്ണീരിനെ അദ്ദേഹത്തിന്റെ കണ്ണുകൾ തന്നെ വിശ്വസിക്കില്ല, പിന്നെയെങ്ങനെയാണ് തമിഴ്നാട്ടിലെ ജനങ്ങൾ അത് വിശ്വസിക്കുക, സ്റ്റാലിൻ പരിഹസിച്ചു.