ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.
കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി.
42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാ പ്രവർത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചുമതലപ്പെടുത്തി.
റെയിൽപാളങ്ങളിൽ വെളളം കയറിയതിനാൽ ഇന്ന് ഒരു ട്രയിൻ റദ്ദാക്കി. കോയമ്പത്തൂർ – നാഗർകോവിൽ എക്സപ്രസാണ് റദ്ദാക്കിയത്. 16 സർവീസുകൾ ഭാഗികമായി റദ്ദാക്കി. 3 ട്രയിനുകൾ വഴിതിരിച്ചു വിട്ടു.