ചെന്നൈ: ലഖ്നൗ സന്ദര്‍ശനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ തൊട്ടെന്ന വിവാദത്തില്‍പ്പെട്ട സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് പിന്തുണയുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ബഹുമാന സൂചകയാണ് രജനികാന്ത് യോഗിയുടെ കാലില്‍ തോട്ടതെന്നും, അതില്‍ എന്താണ് തെറ്റെന്നും ബിജെപി നേതാവ് ചോദിച്ചു.
'യോഗി ജി ഗോരഖ്പൂര്‍ മഠത്തിന്റെ തലവനാണ്. ഉത്തര്‍പ്രദേശിലെ ആളുകള്‍ അദ്ദേഹത്തെ 'മഹാരാജ്' എന്നാണ് വിളിക്കുന്നത്. അപ്പോള്‍, രജനികാന്ത് കാലില്‍ വീണാല്‍, അതില്‍ എന്താണ് കുഴപ്പം? ഇതിനര്‍ത്ഥം ഒരാള്‍ മറ്റൊരാളേക്കാള്‍ താഴ്ന്നവനല്ല. യോഗി ജിയെയും അദ്ദേഹത്തിന്റെ ആത്മീയതയെയും രജനികാന്ത് ബഹുമാനിക്കുന്നുവെന്നും യോഗിയോടുള്ള തന്റെ സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത് '- അണ്ണാമലൈ പറഞ്ഞു.
ജോലിയില്ലാത്ത ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ മന്ത്രിയായ അന്‍ബില്‍ മഹേഷില്‍ നിന്ന് 20 രൂപ കൈപ്പറ്റാന്‍ ഒരാളുടെ കാലില്‍ വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും, തമിഴ്നാട്ടിലെ മന്ത്രിമാര്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കാല്‍ക്കല്‍ വീഴുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.
'മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കാലില്‍ മന്ത്രിമാര്‍ വീഴുന്ന കാഴ്ചയാണ് നമ്മള്‍ ഈയിടെ കാണുന്നത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാള്‍ സീനിയറായ ഒരു എം.എല്‍.എ നിയമസഭയില്‍ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ല?' അണ്ണാമലൈ ചോദിച്ചു.
യോഗി ആദിത്യനാഥിനെ കണ്ടതിന് ശേഷം സമാജ്വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവുമായും രജനികാന്ത് കൂടിക്കാഴ്ച നടത്തിയതായും അണ്ണാമലൈ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി രജനികാന്തിന് ഊഷ്മളമായ ബന്ധമുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ പാദങ്ങളില്‍ സ്പര്‍ശിച്ച രജനീകാന്തിന്റെ പ്രവൃത്തി ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു, തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരാളുടെ പാദങ്ങളില്‍ സ്പര്‍ശിച്ചതിന് ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയായ ബി.ജെ.പിയോടുള്ള രജനികാന്തിന്റെ കൂറ് വെളിപ്പെടുത്തിയതായി മറ്റു ചിലര്‍ അവകാശപ്പെട്ടു. അതേസമയം യോഗികളോടോ സന്യാസിമാരോടോ അവരുടെ കാലില്‍ തൊട്ട് ബഹുമാനം കാണിക്കുന്നത് പണ്ടേയുള്ള ശീലമാണെന്ന്' തമിഴ് സൂപ്പര്‍സ്റ്റാര്‍ പിന്നീട് വിശദീകരിച്ചു .