ചെന്നൈ: ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് കവര്‍ച്ചയും ബലാത്സംഗവും പതിവാക്കിയ പ്രതി പിടിയില്‍. പൊലീസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാലത്തില്‍ നിന്ന് ചാടി ഇയാളുടെ കാലൊടിഞ്ഞു.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. ജില്ലയിലെ കല്ലാലിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണം നടത്തി വന്നയാളെയാണ് പിടികൂടിയത്.
കീലപ്പൂങ്കുടി സ്വദേശിയായ രാജ്കുമാര്‍ എന്ന 33 കാരനായ പ്രതി കന്നുകാലികളെ മേയ്ക്കുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയോ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നവംബര്‍ മൂന്നിന് ഒരു യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നെന്ന പരാതി ഉള്‍പ്പെടെ ഒന്നിലധികം പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
സംശയാസ്പദമായ വനമേഖലയില്‍ തിരച്ചില്‍ നടത്താന്‍ പ്രാദേശിക യുവാക്കള്‍ക്കൊപ്പം ഒരു സംഘം രൂപീകരിച്ച് പൊലീസ് പരിശോധന നടത്തി. രാജ്കുമാറിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിന്തുടര്‍ന്നു,
ഇതിനിടെ പ്രതി പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു, തുടര്‍ന്ന് കാല്‍ ഒടിയുകയായിരുന്നു. പോലീസ് ഇയാളെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.