ചെന്നൈ: തമിഴ്നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിദ്യാഭ്യാസം ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റിയാല്‍ മാത്രമേ നീറ്റ് പോലുള്ള പരീക്ഷകള്‍ ഒഴിവാക്കാനാകൂവെന്നും സ്റ്റാലിന്‍ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിനുമായി നിരവധി പദ്ധതികള്‍ തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് സെന്റ് ജോര്‍ജ് ഫോര്‍ട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്റ്റാലിന്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്ക് നേരിട്ട് പ്രസക്തമായ വിഷയങ്ങള്‍ സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന 'സാമൂഹ്യനീതി, എല്ലാം എല്ലാവര്‍ക്കുമുള്ളതാണ്' തുടങ്ങിയ നയങ്ങള്‍ ഇന്ത്യയിലുടനീളം വ്യാപിക്കുന്നു. ഇതിനേക്കാള്‍ മനോഹരമായി കേള്‍ക്കാന്‍ കഴിയുന്ന മറ്റൊന്നില്ല. അണ്ണാ ദുരൈയും (ഡിഎംകെയുടെ സ്ഥാപകന്‍) കലൈഞ്ജറും (എം കരുണാനിധി) ഇതിന് സ്വാധീനം ചെലുത്തിയ ആളുകളാണ്.' ഫെഡറല്‍ ഇന്ത്യന്‍ സംവിധാനത്തില്‍ സ്വയംഭരണാധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള വിഷയങ്ങള്‍ സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം. പ്രത്യേകിച്ച് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റണം (നിലവില്‍ കണ്‍കറന്റ് ലിസ്റ്റില്‍) എങ്കില്‍ മാത്രമേ നീറ്റ് പോലുള്ള പരീക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനാകുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.