ചെന്നൈ: ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളം സിനിമയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ ആരോപണം നേരിടുകയാണ്.
വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷ സംഘത്തെ രൂപികരിച്ച് അന്വേഷണം നടക്കുകയാണ്.
ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമാ മേഖലകളിലും സമാനമായി അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, തമിഴ് സിനിമയിലെ വനിതാ പ്രവർത്തകർ നേരിടുന്ന ലൈംഗികാതിക്രമങ്ങിൽ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കുമെന്ന് സംഘടന അറിയിച്ചു.
പരാതി അന്വേഷിച്ച് കുറ്റം തെളിഞ്ഞാൽ കടുത്ത നടപടി സ്വീകരിക്കും. കുറ്റക്കാരെ അഞ്ചുവർഷം വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കും.
ശിക്ഷാനടപടികൾക്കൊപ്പം, അതിക്രമം നേരിട്ടവർക്ക് നിയമസഹായം നൽകാനും സംഘടനയുടെ പ്രസിഡന്റ് നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി എന്നിവരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
പരാതികൾ ആഭ്യന്തര പരാതി പരിഹാര സെല്ലിലേക്ക് നേരിട്ട് അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോൺ നമ്പരും ഏർപ്പെടുത്താനും തീരുമാനമുണ്ട്.
ലഭിക്കുന്ന പരാതികൾ സൈബർ പൊലീസിന് കൈമാറും. അതിക്രമം നേരിട്ടവർ പരാതികൾ സംഘടനയിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.