/sathyam/media/media_files/0PtjFYyZGd144A4ShzEn.jpg)
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്ത്. സേലം സ്വദേശി എസ് പുനിത എന്ന 19 കാരിയുടെ മരണത്തെ തുടര്‍ന്നാണ് ഉദയനിധി ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയത്.
പുനിതയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. നീറ്റ് പരീക്ഷ ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട്ടില്‍ നീറ്റ് മൂലം എത്ര ജീവനുകള്‍ നഷ്ടപ്പെട്ടാലും ഈ അനീതി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുന്നത് ഫാസിസത്തിന്റെ സൂചനയാണെന്ന് ഉദയനിധി പറഞ്ഞു. ഏഴ് വര്‍ഷത്തിനിടെ നിരവധി തമിഴ്നാട് വിദ്യാര്‍ത്ഥികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ നീറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സേലം ജില്ലയിലെ ബോഡിനായ്ക്കന്‍പട്ടിയില്‍ നിന്നുള്ള പുനിത മെഡിസിന് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്ത് ഒക്ടോബര്‍ എട്ടിന് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.