ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിഎംകെ അധ്യക്ഷനുമായ അന്തരിച്ച എം കരുണാനിധിയുടെ ചെറുമകനാണ് ഉദയനിധി സ്റ്റാലിന്‍. യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി സ്റ്റാലിന് ആസൂത്രണ വികസന വകുപ്പുകള്‍ അനുവദിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി തമിഴ്നാട് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തതായി തമിഴ്നാട് രാജ്ഭവനില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വി സെന്തില്‍ ബാലാജി, ഡോ ഗോവി ചെഴിയാന്‍, ആര്‍ രാജേന്ദ്രന്‍, എസ് എം നാസര്‍ എന്നിവരെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ശുപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചു. നിയുക്ത മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈയിലെ രാജ്ഭവനില്‍ ഞായറാഴ്ച 3.30 ന് നടക്കും.
3 മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സെന്തില്‍ ബാലാജിയെ മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് നേരത്തെ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. 2021 മെയിലാണ് ഉദയനിധി സ്റ്റാലിന്‍ ആദ്യമായി എംഎല്‍എ ആയത്.
2022 ഡിസംബറില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെത്തി. നിലവില്‍ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. നിലവില്‍ ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്.