ചെന്നൈ: വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കും വേണ്ടി യോഗ്യത വ്യാജമായി തെളിയിക്കുന്നതിന്, കള്ള സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകുന്ന യുവതി പോലീസ് പിടിയിലായി. എറണാകുളം സ്വദേശിനി ഷാഹിന മോളാണ് അറസ്റ്റിലായത്. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകുക ഷാഹിന പതിവാക്കിയിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
അടുത്തിടെ നടന്ന ഒരു വിസ അപേക്ഷയുമായി ബന്ധപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതിനെ തുടർന്ന്, ചെന്നൈയിലെ യു.എസ്. കോൺസുലേറ്റാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച ചെന്നൈ സിറ്റി പോലീസ് ചെന്നെത്തിയത് എറണാകുളത്ത് പ്രവർത്തിക്കുന്ന റോയൽ അക്കാദമി എന്ന സ്ഥാപനത്തിലേക്കും തുടർന്ന് സ്ഥാപനം നടത്തുന്ന ഷാഹിനയിലേക്കുമാണ്.
കള്ള സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ ഉപയോഗിച്ച കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.