ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി നടൻ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്. വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
വിജയുടെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം ജനറൽ കൗൺസിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് നീക്കം.
വ്യാഴാഴ്ച ചെന്നൈയിൽ നടന്ന ഫാൻസ് സംഘടനയുടെ പൊതുയോഗത്തിൽ കോളിവുഡിലെ മെഗാതാരത്തിന് പാർട്ടി രജിസ്റ്റർ ചെയ്യാനും അതിൻ്റെ അധ്യക്ഷനാകാനും പാർട്ടി നിയമങ്ങൾ തയ്യാറാക്കാനും യോഗം അനുമതി നൽകിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ നേരത്തെ ഏർപ്പെട്ടിരുന്നു.
2018-ൽ തുത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൻ്റെ മുന്നോടിയായിട്ടുള്ള പ്രവർത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.