ചെന്നൈ: തമിഴ്നാട്ടിലെ മിഞ്ചൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഒരു മധ്യവയസ്‌കന്‍ തന്റെ ലഗേജ് ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് വിവരം. സ്റ്റേഷനിലെ യാത്രക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തിയത്.
നവംബര്‍ 4 തിങ്കളാഴ്ച രാത്രി 43 കാരനായ ബാലസുബ്രഹ്‌മണ്യവും 17 വയസ്സുള്ള മകളും ഒരു വലിയ സ്യൂട്ട്‌കേസുമായി സ്റ്റേഷനിലെത്തുകയും ലഗേജ് ഇവിടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു.
ഒരാള്‍ തന്റെ ലഗേജുകള്‍ ഉപേക്ഷിച്ച് പോയതില്‍ ആശങ്കാകുലരായ യാത്രക്കാര്‍ ഉടന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരെ അറിയിച്ചു.
സ്യൂട്ട്കേസ് വലുതായതിനാല്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി കൊരുക്കുപേട്ട് പോലീസിനെ വിവരമറിയിച്ചു. എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ സ്യൂട്ട്‌കേസിെനക്കുറിച്ച് അന്വേഷിക്കാന്‍ ബാലസുബ്രഹ്‌മണ്യത്തെ സമീപിച്ചു.
എന്നാല്‍ ഇയാളുടെ വിശദീകരണം കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തിയതോടെ സ്യൂട്ട്‌കേസ് തുറക്കാന്‍ പൊലീസ് തീരുമാനിച്ചു. ബാലസുബ്രഹ്‌മണ്യന്‍ സ്യൂട്ട്കേസ് അഴിച്ചപ്പോള്‍ തലയ്ക്ക് പരിക്കേറ്റ നിലയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ് ബാലസുബ്രഹ്‌മണ്യത്തെയും മകളെയും കസ്റ്റഡിയിലെടുത്തു.