ചെന്നൈ: യുവതിയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അടക്കം നാലുപേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഊട്ടിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം.
22 കാരിയായ ആഷിക പർവീൺ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഇമ്രാൻ (30), ഭർതൃമാതാവ് യാസ്മിൻ (49), ഭർതൃസഹോദരൻ മുഖ്താർ (23), ബന്ധു ഖാലിഫ് (56) എന്നിവരെയാണ് നീലഗിരി ജില്ലാ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആഷികയുടെ കുടുംബം നൽകിയ സ്ത്രീധനത്തോടുള്ള ഇമ്രാന്റെയും കുടുംബത്തിൻ്റെയും അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നു.
ജൂൺ 24നാണ് യാഷികയെ വിഷം കഴിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കണ്ടെത്തിയത്. തുടർന്ന് ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
2021 ജൂലൈ 15 നാണ് ഇമ്രാനും ആഷികയും വിവാഹിതയാത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. വണ്ണാരപ്പേട്ട സ്വദേശികളായ അബ്ദുൾ സമദിൻ്റെയും നിലോഫർ നിഷയുടെയും മകളാണ് ആഷിക.
സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇമ്രാനും മാതാപിതാക്കളും ചേർന്ന് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പലപ്പോഴും ആഷിക മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു.
20 ലക്ഷം രൂപ ഭൂമി വാങ്ങാനായി വേണമെന്നും സ്ത്രീധനമായി ഈ തുക നല്‍കണമെന്നുമായിരുന്നു ഇമ്രാനും സഹോദരന്‍ മുക്താറും മാതാവ് യാസ്മിനും യുവതിയോട് ആവശ്യപ്പെട്ടത്. എന്നാൽ ആഷികയുടെ മാതാപിതാക്കൾ തുക നൽകാൻ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെ ജൂൺ 24ന് വീടിന്റെ അടുക്കളയിൽ ആഷികയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം കലർന്ന കാപ്പി കുടിച്ച് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് ഇമ്രാൻ ആഷികയുടെ മാതാപിതാക്കളെ അറിയിച്ചത്. സംശയം തോന്നിയ മാതാപിതാക്കൾ ഉടൻ ഊട്ടി വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.
സെക്ഷൻ 194 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്താണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, മതദേഹത്തിൽ സയനൈഡിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു. യുവതിയുടെ കഴുത്തിലും തോളിലും വാരിയെല്ലുകളിലും ഒന്നിലധികം ചതവുകളും മുറിവുകളും കണ്ടെത്തി.
പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകം തെളിയുന്നത്. സമീപത്തെ കടയിൽ നിന്ന് യാസ്മിനും മക്കളും ചേർന്ന് സയനൈഡ് വാങ്ങി കാപ്പിയിൽ കലർത്തി ആഷികയെ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിലുണ്ടായ പകയാണ് കൊലപാത കാരണമെന്നും പൊലീസ് അറിയിച്ചു.
യാസ്മിനും കുടുംബവുമായും അടുത്ത ബന്ധമുള്ള പാലക്കാട് സ്വദേശിക്കും കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ പിടികൂടാനായി പ്രത്യേക സംഘം പൊലീസ് രൂപീകരിച്ചിട്ടുണ്ട്.