ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി നല്‍കിയാല്‍ മോദിക്ക് വേണ്ടി പ്രചാരണം നടത്തും! വമ്പന്‍ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാള്‍

ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാരുകള്‍ സംസ്ഥാനത്തുടനീളം പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു.

New Update
 Aravind Kejriwal

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന വാഗ്ദാനവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. 

Advertisment

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. ഈ ആവശ്യം നിറവേറ്റുകയാണെങ്കില്‍ ബിജെപിക്ക് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം.

'ജനതാ കി അദാലത്തില്‍' ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാരുകള്‍ സംസ്ഥാനത്തുടനീളം പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. ഹരിയാനയില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും അവരെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരട്ട എഞ്ചിന്‍ മോഡലിനെ ഇരട്ട കൊള്ളയും ഇരട്ട അഴിമതിയുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

'ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും,' കെജ്രിവാള്‍ പറഞ്ഞു.

ഹരിയാനയിലും ജമ്മു കശ്മീരിലുമുള്ള ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകള്‍ ഉടന്‍ തകരുമെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ജനാധിപത്യമില്ലെന്നും ഡല്‍ഹി ലഫ്.ഗവര്‍ണറുടെ ഭരണത്തിന്‍ കീഴിലാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment