ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം അരവിന്ദ് കെജ്രിവാള്‍ ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ച് ഇപ്പോള്‍ കത്തെഴുതിയിരിക്കുകയാണ് കെജ്രിവാള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരമിക്കല്‍ മുതല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ ദുരുപയോഗം വരെയുള്ള ചോദ്യങ്ങളാണ് കെജ്രിവാള്‍ കത്തില്‍ ഉന്നയിച്ചത്.
കെജ്രിവാള്‍ ആര്‍എസ്എസ് മേധാവിയോട് പ്രധാനമന്ത്രി മോദിയെ കുറിച്ച് അഞ്ച് ചോദ്യം ചോദിച്ചു. ബിജെപി നേതാക്കള്‍ 75 വയസ്സിനു ശേഷം വിരമിക്കുമെന്ന നിയമം നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഈ നിയമം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ഈ നിയമപ്രകാരം ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിരമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ശാന്ത കുമാര്‍, സുമിത്ര മഹാജന്‍ തുടങ്ങിയ നിരവധി ബിജെപി നേതാക്കളും ഈ നിയമങ്ങള്‍ക്ക് കീഴില്‍ വിരമിച്ചതായി കെജ്രിവാള്‍ പറഞ്ഞു. ആ നിയമം പ്രധാനമന്ത്രി മോദിക്ക് ബാധകമല്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ലാല്‍ കൃഷ്ണ അദ്വാനി വിരമിച്ച നിയമം ഇനി പ്രധാനമന്ത്രി മോദിക്ക് ബാധകമല്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടോയെന്നും കെജ്രിവാള്‍ മോഹന്‍ ഭഗവതിനോട് ചോദിച്ചു.
കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വളരെക്കാലമായി കുറ്റപ്പെടുത്തുന്നുണ്ട്.
രാജ്യത്തുടനീളം മറ്റ് പാര്‍ട്ടികളുടെ നേതാക്കളെ ഇഡിയെയും-സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തോല്‍പ്പിക്കുകയാണെന്ന് കെജ്രിവാള്‍ തന്റെ കത്തിലൂടെ ആര്‍എസ്എസ് മേധാവിയോട് പറഞ്ഞു. ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണോയെന്നും അദ്ദേഹം ചോദിച്ചു.