ദേശീയ പതാക ഉയര്‍ത്താന്‍ പോലും അനുവദിക്കാതെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തടഞ്ഞ അതിഷി ഇനി ഡല്‍ഹി മുഖ്യമന്ത്രി; ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റെന്ന ഭീഷണി പത്രസമ്മേളനത്തില്‍ തുറന്നടിച്ചു; ഡല്‍ഹിക്ക് വെള്ളം തരുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹരിയാന സര്‍ക്കാരിനെതിരേ നിരാഹാര സമരം; വിദ്യാര്‍ത്ഥികളെ സംരംഭകത്വം പഠിപ്പിച്ചു; രാജ്യത്തിന്റെ ഭാവിനായികയെന്ന് ഉറപ്പിച്ചു പറയാവുന്ന താരമായി അതിഷി

മദ്യനയക്കേസിൽ തന്നെ കുടുക്കാൻ നോക്കിയെന്നും അതിലൊന്നും വിരണ്ടു പിൻമാറില്ലെന്നും അതിഷി കടുത്ത നിലപാടെടുത്തു

New Update
atishi1

ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിൽ ദേശീയപതാക ഉയർത്താൻ  അരവിന്ദ് കേജ്‌രിവാൾ ചുമതലപ്പെടുത്തിട്ടും ലെഫ്‌റ്റനന്റ് ഗവർണർ തടഞ്ഞ അതിഷി മർലേനയാണ് ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്.

Advertisment

ലെഫ്‌റ്റനന്റ് ഗവർണർ പുതിയ വൈസ്രോയി ചമയുകയാണെന്നായിരുന്നു അതിഷിയുടെ മറുപടി. ഇത്തരം കുറിക്കു കൊള്ളുന്ന മറുപടികളിലൂടെയും തിളങ്ങുന്ന സമര ഏടുകളിലൂടെയും ഡൽഹിയിൽ ജനശ്രദ്ധയാക‌ർഷിച്ച അതിഷിയെത്തേടി മുഖ്യമന്ത്രി പദമെത്തുന്നത് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ്. 


കൽക്കാജിയിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. ഇവർ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്. കുറേ വർഷമായി ഡൽഹിയിൽ പാർട്ടിയുടെ പ്രമുഖ മുഖമായി അതിഷി ഉയർന്നിരുന്നു.  


സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജരിവാൾ ജാമ്യംനേടി പുറത്തിറങ്ങി രാജിവച്ച ഒഴിവിലേക്കാണ് അതിഷി വരുന്നത്.

ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം തന്റെ വീട്ടിൽ ഇ.ഡി റെയ്ഡും, അറസ്റ്റുമുണ്ടാകുമെന്ന് ബി.ജെ.പിയുടെ മുന്നറിയിപ്പ് ലഭിച്ചതായി പത്രസമ്മേളനം വിളിച്ച് വെളിപ്പെടുത്താൻ അതിഷി ധൈര്യം കാട്ടിയിരുന്നു.

Atishi

മദ്യനയക്കേസിൽ തന്നെ കുടുക്കാൻ നോക്കിയെന്നും അതിലൊന്നും വിരണ്ടു പിൻമാറില്ലെന്നും അതിഷി കടുത്ത നിലപാടെടുത്തു. കേജരിവാൾ അറസ്റ്റിലായി ജയിലിലായപ്പോൾ സർക്കാർ പ്രവർത്തനങ്ങളുടെ ചുമതല നൽകിയത് അതിഷിക്കായിരുന്നു.

പാർട്ടിയുടെ നേതൃനിരയിൽ രണ്ടാം നിരയിൽ മാത്രമായിരുന്ന അതിഷി അതോടെ പാർട്ടിയിലും സർക്കാരിലും കരുത്തയായി.

പിന്നാലെ ഡൽഹിയിലെ നീറുന്ന പ്രശ്നമായ ജലക്ഷാമത്തിൽ  ഹരിയാനയിലെ ബി.ജെ.പി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹി മന്ത്രി അതിഷി  അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. അതിഷി ഉച്ചയ്‌ക്കും രാത്രിയിലും കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും കള്ള സമരമാണെന്നും ബി.ജെ.പി ആരോപിച്ചു.

ഡൽഹിക്ക് അർഹതപ്പെട്ട വെള്ളം ഹരിയാനയിലെ ബി.ജെ.പി സർക്കാർ വിട്ടു നൽകുന്നില്ലെന്നും പ്രധാനമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിഷിയുടെ സമരം.  സമരം തുടങ്ങിയ ശേഷം ഹരിയാന ഹത്‌നികുണ്ഡ് ബാരേജിന്റെ ഡൽഹിയിലേക്ക് വെള്ളം തുറന്നുവിടേണ്ട എല്ലാ ഗേറ്റുകളും അടച്ചെന്ന് അവർ ആരോപിച്ചു.  


അതിഷിയുടെ തട്ടിപ്പ് സമരമാണെന്ന് ആരോപിച്ച ബി.ജെ.പി എം.പി ബാൻസുരി സ്വരാജ് ആം ആദ്‌മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ നിന്ന് വെള്ളം കൊണ്ടുവന്നു കൂടേ എന്നും ചോദിച്ചു. ആരോഗ്യനില വഷളായതോടെ സമരം അവസാനിപ്പിച്ചെങ്കിലും അതിഷിയുടെ ജനപ്രീതിയുടെ ഗ്രാഫ് അതോടെ ഉയർന്നു.


അടുത്തിടെ കൊച്ചിയിലും ഒരു ചടങ്ങിൽ പങ്കെടുക്കാൻ അതിഷി എത്തിയിരുന്നു.  ഡൽഹിയിൽ വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളായി നിലനിന്നിരുന്ന സാമ്പത്തികമായ വിടവ് മാറ്റിക്കുറിച്ചതാണ് ആം ആദ്മി പാർട്ടി കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റമെന്ന് അതിഷി പറഞ്ഞു.

ആം ആദ്മി പാർട്ടി സംഘടിപ്പിച്ച വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് അതിഷി വന്നത്.  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന ഡൽഹിയിലെ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളോട് മത്സരിക്കുന്ന തരത്തിലേക്ക് എത്തിക്കാനായി. വിദ്യാഭ്യാസത്തിന് മാത്രം ബഡ്ജറ്റിലെ 25 ശതമാനം തുക മാറ്റി വച്ചു.

കായിക വിദ്യാഭ്യാസത്തിന് ഉന്നത നിലവാരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കി. സ്വകാര്യ സ്കൂളുകളിൽ നിന്ന് മൂന്ന് ലക്ഷം വിദ്യാ‌ർത്ഥികൾ സർക്കാ‌ർ സ്കൂളുകളിലേക്ക് മാറി. അദ്ധ്യാപകർക്കും പ്രധാന അദ്ധ്യാപകർക്കും ജോലിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിന് ഉന്നത നിലവാരത്തിലുള്ള ട്രെയിനിംഗ് നൽകി.

atishi


അദ്ധ്യാപകർ‌ക്ക് ജോലിയിൽ അഭിമാനം തോന്നണം എന്ന ലക്ഷ്യത്തോടെ സംസ്ഥാനതല മത്സരങ്ങൾ നടത്തി വരികയാണ്. ഇതിലൂടെ അവർക്ക് കുട്ടികളെ മികച്ച രീതിയിൽ പഠിപ്പിക്കാനാവും.


ചില സ്കൂളുകളിൽ ഒമ്പതാം ക്ലാസിൽ വിഷ്വൽ ആർട്സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിച്ചു.  

വിദ്യാ‌ർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകളടക്കം സിലബസിൽ ഉൾപ്പെടുത്തി. ഇപ്പോൾ 50000 സ്റ്റുഡന്റ് സ്റ്റാർട്ട്അപ്പുകൾ ഡൽഹിയിൽ ആരംഭിച്ചിട്ടുണ്ടെന്നും അതിഷി വ്യക്തമാക്കി.

Advertisment