/sathyam/media/media_files/KxKjd9LFL19HGa3AoreS.jpg)
കോട്ടയം: കേരളത്തിന് സമ്പൂര്‍ണ നിരാശയുമായി മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പതിവുപോലെ റബറിലും റെയിലിലും മാത്രമല്ല, ഇത്തവണ ശബരി റെയില്‍ വിമാനത്താളം മുതല്‍ എയിംസ് വരെ കേരളത്തിന് ലഭിച്ചില്ല. വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന ലഭിച്ചില്ല.
കേരളത്തില്‍ നിന്നു ബി.ജെ.പിക്കു ആദ്യ എം.പി, പിന്നാലെ സുരേഷ് ഗോപിയേയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രി സ്ഥാനം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രം കേരളത്തിന് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി കൊടുത്തപ്പോള്‍ കേരളത്തിന് തീര്‍ത്തും നിരാശ മാത്രമാണ് ബജറ്റില്‍ ഉള്ളത്. മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കടുത്ത അതൃപതിയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പങ്കുവെക്കുന്നത്.
കേരളത്തിന്റെ പ്രതീക്ഷകള്‍ ഏറെയും റബറില്‍ തന്നെയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍.ഡി.എ. ഉയര്‍ത്തിയ പ്രധാന വിഷയങ്ങളിലൊന്ന് റബറുമായി ബന്ധപ്പെട്ടതായിരുന്നു. താരതമ്യേന മികച്ച വിലയുണ്ടെങ്കിലും കിതയ്ക്കുന്ന റബര്‍ വിപണിയെ ഉത്തേജിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.
ഏതാനും വര്‍ഷമായി ബോര്‍ഡിന് കിട്ടുന്ന പതിവ് വിഹിതമല്ലാതെ മേഖലയ്ക്കായി പ്രത്യേകിച്ച് ഒന്നും കേന്ദ്രം നല്‍കാറില്ല. ഇക്കുറിയിയും പതിവിന് മാറ്റം വന്നില്ല.
ഇറക്കുമതി കുറയ്ക്കുകയും, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുകയും ചെയ്താല്‍ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാമായിരുന്നെങ്കിലും റബര്‍ വിഷയം പ്രസംഗത്തില്‍ പരാമര്‍ശിക്കാന്‍ പോലും നിര്‍മല തയാറായിരുന്നില്ല.
മറ്റൊരു പ്രതീക്ഷ ശബരി പാതയിലായിരുന്നു. കോട്ടയം ഉള്‍പ്പടെയുള്ള പ്രദേശങ്ങളുടെ റെയില്‍വേ വികസനത്തിന് ഉതകുമായിരുന്ന ശബരിപാത ബജറ്റ് പ്രഖ്യാപനത്തോടെ അടുത്ത കാലത്തൊന്നും യാഥാര്‍ഥ്യമാകില്ലെന്ന് ഉറപ്പായി. പൂര്‍ണ ഇരട്ടപ്പാത ആയതിനാല്‍ കോട്ടയം വഴി പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും അവിടെയും സമ്പൂര്‍ണ നിരാശ.
കോടതി വിധിയില്‍ തട്ടി നില്‍ക്കുകയാണെങ്കിലും ശബരി വിമാനത്താവളം പദ്ധതിയുടെ അനുമതി സംബന്ധിച്ചുള്ള പരാമര്‍ശവും കേരളം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ബജറ്റില്‍ നിരാശമാത്രം.
ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും സഹായം സഹായം നല്‍കിയപ്പോഴും കേരളത്തെ അവഗണിച്ചു.
സഹമന്ത്രിമാരായി ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും ഉള്ളതിനാല്‍ കോട്ടയം, തൃശൂര്‍ ജില്ലകള്‍ക്കു പ്രത്യേക പരിഗണന ലഭിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും കടുത്ത നിരാശമാത്രമായിരുന്നു ഫലം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us