ഡല്‍ഹി: ഡല്‍ഹിയിലെ ഐഎഎസ് അക്കാദമിയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മലയാളിയെന്ന് വിവരം. മരിച്ചത് എറണാകുളം സ്വദേശി നവീനാണെന്ന വിവരമാണ് പുറത്തുവന്നത്.
രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് വിദ്യാര്‍ഥികളാണ് മുങ്ങി മരിച്ചത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദര്‍ നഗറിലാണ് ദാരുണ സംഭവം. കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിലുള്ള ലൈബ്രറിയിലേക്ക് ഡ്രെയിനേജ് വെള്ളം കയറിയതാണ് എന്നാണ് വിവരം.
അപകട സമയത്ത് കോച്ചിങ് സെന്ററില്‍ ആകെ 30 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് സ്ഥാപനത്തില്‍ വെള്ളം കയറിയത്. എന്‍ഡിആര്‍എഫും അഗ്‌നിശമന സേനയും പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
രാത്രി 10.30 ഓടെ എന്‍ഡിആര്‍എഫ് മുങ്ങല്‍ വിദഗ്ധര്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി 11.15 ഓടെയാണ് ലഭിച്ചത്. അര്‍ധരാത്രിക്ക് ശേഷമാണ് മൂന്നാമത്തെ മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സെന്‍ട്രല്‍ പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
കോച്ചിങ് സെന്ററില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയതായും മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡിസിപി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്ത് പ്രതിഷേധിച്ചു.