Advertisment

ഡൽഹിയിൽ കേരള സ‌ർക്കാരിന്റെ കേന്ദ്രവിരുദ്ധ സമരം സൂപ്പർഹിറ്റ്. കേരളത്തിനൊപ്പം അണിനിരന്ന് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും തമിഴ്നാട് സർക്കാരും; ദേശീയ നേതാവെന്ന പ്രതിച്ഛായയിലേക്ക് ഉയർന്ന് പിണറായി വിജയൻ. പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി വിളിച്ചോതി കേരളത്തിന്റെ ഡൽഹി സമരം. ആരെയും തോൽപ്പിക്കാനല്ല സമരമെന്നും അർഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി

New Update
8788feb8

ഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ കേരള സർക്കാർ ഡൽഹിയിൽ നടത്തുന്ന സമരം സൂപ്പർ ഹിറ്റ്. ജന്തർമന്ദിറിലെ വേദിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ, തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ, കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കേരളത്തിലെ എം.പിമാരും എം.എൽ.എമാരുമടക്കം ജനപ്രതിനിധികൾ എന്നിവരെല്ലാം അണിനിരന്നു.

Advertisment

ഫെഡറലിസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് കേരളത്തിന്റെ സമരം. ഇത്രയേറെ ദേശീയ നേതാക്കളെ ഡൽഹിയിൽ ഒരു കുടക്കീഴിൽ അണിനിരത്താൻ കഴിഞ്ഞത് കേരളത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു. ഈ സമരത്തോടെ പിണറായി വിജയൻ ദേശീയ നേതാവെന്ന പ്രതിച്ഛായയിലേക്ക് ഉയർന്നു. പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് കേരളത്തിന്റെ ഡൽഹി സമരം.

രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നില്ല.

കേന്ദ്രസർക്കാർ അവഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ  കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്.

പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു.

f8787eb8

ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  

സമരം ആരെയും തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്നും, അർഹതപ്പെട്ടത് നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  സമരത്തിന് കക്ഷി രാഷ്ട്രീയത്തിന്റെ നിറമില്ല. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമാണ് ഈ സമരം.  പ്രളയവും മഹാമാരിയും ആഞ്ഞടിച്ചപ്പോഴും ഉലയാതെ നിന്നു പൊരുതിയ ചരിത്രമാണ് കേരളത്തിന്റേത്.

മാനവികതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി ഓരോ പ്രതിസന്ധിയും മറികടന്നു. രാജ്യത്തിനു തന്നെ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കി. കൂടുതൽ മികവിലേയ്ക്ക് പോകാൻ കേരളത്തെ പിന്തുണയ്ക്കുന്നതിനു പകരം തടസങ്ങൾ സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രളയങ്ങളുടെയും മഹാമാരിയുടെയും ഘട്ടങ്ങളിൽ അർഹമായ സഹായം ലഭ്യമാക്കുന്നതിനു പകരം മുഖം തിരിക്കുകയും തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ ഹൃദയശൂന്യതയോടുള്ള പ്രതിഷേധം കൂടിയാണ് ഇന്നത്തെ സമരം.

രാജ്യത്തിന്റെ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാൻ ശക്തമായ കേന്ദ്രവും ശാക്തീകരിക്കപ്പെട്ട സംസ്ഥാനങ്ങളും അനിവാര്യമാണ്. അതിനായുള്ള സുപ്രധാന ചുവടുവെപ്പാണ് ഡൽഹിയിലെ സമരം. സഹകരണ ഫെഡറലിസം രാജ്യത്തിന്റെ പ്രഖ്യാപിത ആദർശമാണ്. അതിന്റെ അന്ത:സത്ത ചില കേന്ദ്ര നടപടികളിലൂടെ ചോർന്നുപോയിരിക്കുന്നു.

ബി.ജെ.പി നേരിട്ടും സഖ്യമായും ഭരണമുള്ള 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്നതാണ് സമീപനം. ബി.ജെ.പി ഇതര സർക്കാരുകളെല്ലാം സാമ്പത്തിക പ്രതിസന്ധി അടക്കം വിഷയങ്ങളിൽ കേരളത്തിനെപ്പോലെ പരാതി ഉന്നയിക്കുന്ന സാഹചര്യത്തിൽ യോജിക്കാൻ പറ്റുന്ന മേഖലകളിൽ ചർച്ച നടത്തി ഒന്നിച്ചു നീങ്ങാൻ തയ്യാറാവണം.

ബി.ജെ.പി നിലപാടുകൾക്കെതിരെ യോജിക്കാവുന്ന വിഷയങ്ങളിൽ ഒന്നിക്കാം. തമിഴ്നാടും കർണാടകവും ഒക്കെയായി ചർച്ചയാകാം. തെക്ക് വടക്കെന്ന് വിഭജിച്ച് കാണേണ്ടതില്ല. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്ന പ്രശ്നമാണ്. ഡൽഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രശ്നം നേരിടുന്നുണ്ട്.

ഫെഡറൽ സംവിധാനത്തിലെ തകർച്ച എല്ലാ സംസ്ഥാനങ്ങളും നേരിടുന്ന വിഷയമാണ്. രാജ്യം നിലനിന്നു പോകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മതേതരത്വവും ഫെഡറലിസവും കൂടുതൽ ശക്തമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ തുടർഭരണം വന്നാൽ വലിയ ആപത്ത് സംഭവിക്കുമെന്നും പിണറായി പറഞ്ഞു.

Advertisment