ഡൽഹി: ന്യൂഡൽഹിയിൽ കോച്ചിങ് സെന്റെറിൽ വെള്ളം കയറി മൂന്ന് യുപിഎസ്‌സി ഉദ്യോഗാർഥികൾ മരിച്ചു. ഡൽഹി രജീന്ദർ നഗറിലെ കോച്ചിംഗ് സെന്ററിന്റെ താഴത്തെ വെള്ളം കയറിയാണ് ഉദ്യോഗാർത്ഥികൾ മരിച്ചത്.
കനത്ത മഴയിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളമാണ് കോച്ചിങ് സെന്റെറിലേക്ക്് ഒഴുകിയെത്തിയത്. അതിൽ കുടുങ്ങിയാണ് ഉദ്യോഗാർഥികളുടെ ദാരൂണാന്ത്യം. സ്ഥലത്ത് നിന്ന് 12 കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് അഗ്‌നിരക്ഷാ സേനാ പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് സെൻട്രൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റെറിലേക്ക് വെള്ളം ഇരച്ചുകയറിയത്. സംഭവസ്ഥലത്ത് അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വെള്ളക്കെട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയിലെ മുങ്ങൽ വിദഗ്ധരെയും ഉടൻ സ്ഥലത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടയിൽ രാത്രി പതിനൊന്നരയോടെയാണ് മൂന്ന് ഉദ്യോഗാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവരെ ഉടൻ ആശൂപത്രിയിൽ എത്തിച്ചു.
കോച്ചിങ് സെന്റെറിന്റെ താഴത്തെ നിലയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. അവിടെ പഠനത്തിന് പോയ സമയത്തായിരുന്നു വെള്ളം ഇരച്ചെത്തിയതെന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഉദ്യോഗാർഥികൾ പറഞ്ഞു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്ത് മുതൽ 12 അടിവരെ ഉയരത്തിൽ വെള്ളം കെട്ടിടത്തിൽ എത്തിയെന്നും പെട്ടെന്ന് വെള്ളം എത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയായിരുന്നെന്നും പ്രദേശവാസികളും പറഞ്ഞു.
കഴിഞ്ഞാഴ്ച മഴയിൽ നിറഞ്ഞ ഡൽഹിയിലെ ഓടക്കെട്ടിൽ വീണ് മറ്റൊരു യുപിഎസ്‌സി ഉദ്യോഗാർഥി മരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ ദാരൂണ സംഭവം.