/sathyam/media/media_files/2025/09/11/sndp-delhi-2025-09-11-19-08-22.jpg)
ന്യൂ ഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ മയൂർ വിഹാർ ഫേസ് 1-ലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ശാഖാ പ്രസിഡന്റ് എസ് കെ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം വിസ്‌മയ് പ്രമോദ് ആലപിച്ച ദൈവ ദശകത്തോടെ ആരംഭിച്ചു. സെക്രട്ടറി ലൈനാ അനിൽ സ്വാഗതം പറഞ്ഞു.
ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ്, ഡൽഹി എൻഎസ്എസ് ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ രമേശ് നമ്പ്യാർ, എസ്‌എൻഡിപി യോഗം വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ, യൂണിയൻ കമ്മിറ്റി അംഗം സി കെ പ്രിൻസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ ഷിറിൻ ബാലൻ ആയിരുന്നു അവതാരക.
ചടങ്ങിൽ ഡൽഹി മലയാളി അസോസിയേഷൻ തീം സോങ്ങിന്റെ രചനയും വിഷയാധിഷ്ഠിതമായ രചനകളുടെയും പ്രവർത്തനങ്ങൾക്ക് പി എൻ ഷാജി, നർത്തകി, നൃത്ത സംവിധായിക, അധ്യാപിക എന്നീ നിലകളിലെ മികച്ച പ്രകടനത്തിന് സ്നേഹ ഷാജി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന് ഡോ ആകാൻഷ അനിരുദ്ധനെയും മെമെന്റോയും പൊന്നാടയും അണിയിച്ച് ആദരിച്ചു.
തുടർന്ന് ശ്രീനാരായണ ഗുരുദേവന്റെ രചനകളെയും കേരളത്തിന്റെ തനതു കലകളെയും ഉൾപ്പെടുത്തി നാട്യക്ഷേത്ര സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്ട്സ്, സ്നേഹാ ഷാജിയുടെ നൃത്ത സംവിധാനത്തിലും ആശയത്തിലും ഒരുക്കിയ ആരവം, ആസ്വാദകർക്ക് നവ്യാനുഭൂതി പകർന്നു.
ദില്ലിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ചടങ്ങ് വിഭവ സമൃദ്ധമായ ചതയ സദ്യയോടുകൂടിയാണ് സമാപിച്ചത്.