അഡ്വ. അരുൺ കുറുവത്ത് വേണുഗോപാലിന് ഡൽഹി മലയാളി കൂട്ടായ്മയുടെ വിശിഷ്ട സേവാ പുരസ്കാരം

New Update
adv. arun kuruvath

ന്യൂഡൽഹി: 2025-ലെ ഡൽഹി മലയാളി കൂട്ടായ്മയുടെ വിശിഷ്ട സേവാ പുരസ്കാരം ദില്ലി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാലിന് സമ്മാനിച്ചു.

Advertisment

ഡൽഹി മലയാളി കൂട്ടായ്മയുടെ ആറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുഷ്പവിഹാർ സുത്തൂർ ഭവനിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അവാർഡ് വിതരണം ചെയ്തത്. 

കേരള സർക്കാരിന്റെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോനും ബിഎസ്എഫ് കമാൻഡർ ഉണ്ണികൃഷ്ണനും ചേർന്നാണ് അവാർഡ് കൈമാറിയത്.

കുറുവത്ത് വീട്ടിൽ കെ. യു.വേണുഗോപാലിന്റെയും വസന്തകുമാരി വേണുഗോപാലിനെയും മകനായി 1983-ൽ തൃശൂർ ജില്ലയിൽ ജനിച്ച അരുൺ കുറുവത്ത്, തൃശൂർ സെവൻത് ഡേ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 

തുടർന്ന് തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതിക സ്വത്തവകാശ നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ രണ്ട് വർഷം ഗവേഷണം നടത്തിയശേഷം 2007-ൽ കേരള ബാർ കൗൺസിലിൽ അഡ്വക്കേറ്റ് ആയി എൻട്രോൾ ചെയ്തു. തുടർന്ന് കേരള ഹൈക്കോടതിയിലും തൃശൂർ ജില്ലാ കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

2015-ൽ കേന്ദ്രസർക്കാരിന്റെ യുപിഎസ്‌സി ബോർഡ് നടത്തിയ മത്സരപരീക്ഷയിൽ വിജയിച്ച്, ദില്ലി സർക്കാരിന്റെ ആഭ്യന്തര പോലീസ് വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായി. 

ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ മലയാളി എന്ന സവിശേഷതയും ഇദ്ദേഹത്തിനുണ്ട്. കഴിഞ്ഞ പത്തു വർഷങ്ങളായി ദില്ലിയിലെ വിവിധ സെഷൻസ് കോടതികളിൽ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ചുവരുന്നു.

ദില്ലിയെ പ്രക്ഷുബ്ധമാക്കിയ നിർഭയ പീഡനക്കേസ് വിചാരണ നടത്തി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് വധശിക്ഷയ്ക്ക് വിധിച്ച ദില്ലി സാക്കേത് ജില്ലാ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിലാണ് ഇപ്പോൾ ഇദ്ദേഹം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിക്കുന്നത്. 

തലസ്ഥാന നഗരത്തിലെ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രദമായ നടത്തിപ്പിൽ നിർണായക പങ്കുവഹിച്ച്, അമ്പതിലധികം കൊലപാതക-പീഡന കേസുകളിൽ പ്രോസിക്യൂഷനെ വിജയത്തിലേക്ക് നയിക്കുകയും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. 

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നായി, ഒരു പീഡനക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ഇരയ്ക്ക് 18.5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച ഉത്തരവ് ഉൾപ്പെടുന്നു. 

ഇന്ത്യയിലെ വിചാരണ കോടതികൾ അനുവദിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.

ഭാര്യ അഞ്ചു സി. എസ്, കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഓഫ് മൈൻസ്-ൽ സൂപ്രണ്ടിംഗ് ജിയോളജിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. മക്കളായ നീലാഞ്ജനും ദേവധാരയും ദില്ലി സംസ്കൃതി സ്കൂളിലെ വിദ്യാർത്ഥികളാണ്.

Advertisment