ഡല്‍ഹി: ഹംസധ്വനി രാഗത്തിൽ മുത്തുസ്വാമി ദീക്ഷിതർ രചിച്ച "വാതാപി ഗണപതീം ഭജേ..." സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും പ്രതീകമായ വെള്ളകുപ്പായക്കാരൻ പാടും പാതിരിയുടെ സ്വരമാധുരി കേൾക്കാൻ ഡൽഹി മലയാളികൾക്ക് ഒരവസരം കൂടി. പിന്നണിയിൽ പ്രൊഫ. അബ്ദുൾ അസ്സിസ് വയലിനിൽ അതിമനോഹരമായ രാഗമാധുരി അവതരിപ്പിക്കും.
ഫാ. പോൾ പൂവത്തിങ്കൽ യേശുദാസ്സിന്റെയും ചന്ദ്രമന നാരായണൻ നമ്പൂതിരിയുടെയും ശിഷ്യനാണ്. തൃശ്ശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജിയുടെ സ്ഥാപകനും മേധാവിയുമായ ഫാ. പോൾ കർണാടക സംഗീതത്തിൽ പിഎച്ച്ഡി നേടിയ ആദ്യ വൈദികനാണ്.
സാഹോദര്യത്തിന്റെയും മത സൗഹാർദത്തിന്റെയും സന്ദേശം പകരുക എന്ന ഉദ്ദേശത്തോടെ വലിയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ സമൂഹത്തിനു നൽകുന്നത്. മയൂർ വിഹാർ ഫേസ് 1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഫാ. പോൾ പൂവത്തിങ്കലിന്റെ കച്ചേരി ഒക്ടോബര് 5 ന് വൈകുന്നേരം 6 മണിക്കായിരിക്കും.