ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ച് കൃത്രിമമായി നിർമ്മിക്കുന്ന വ്യാജ വീഡിയോകൾ അഥവാ ഡീപ് ഫേക്ക് രാജ്യത്തിനു പോലും ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ഇവയ്ക്കെതിരേ കർശന നടപടികൾക്കായി കേന്ദ്രം നിയമഭേദഗതി കൊണ്ടുവരും.
ഡീപ് ഫേക്ക് വീഡിയോകൾ രാജ്യത്തിന് വൻഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് പോലും അപകടകരമാവുന്ന തരത്തിലേക്ക് ഇത്തരം വീഡിയോകൾ മാറുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഡീപ് ഫേക്ക് കേസുകളിൽ പ്രതികളാവുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കാനുള്ള നിയമ നിർമ്മാണമാണ് പരിഗണനയിൽ.
ഡീപ് ഫേക്ക് തട്ടിപ്പിൽ ആദ്യ കേസും അറസ്റ്റും കോഴിക്കോട്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സുഹൃത്തിന്റെ മുഖം സൃഷ്ടിച്ച് വീഡിയോ കോൾ ചെയ്ത് പണം തട്ടിയ കേസാണിത്. പിന്നാലെ രാജ്യത്തിന്റെ പലഭാഗത്തും ഡീപ് ഫേക്ക് കേസുകളുണ്ടായി.
പ്രശസ്‌ത നടിമാരായ രശ്‌മിക മന്ദാന, കാജൽ, കത്രീന കെയ്‌ഫ്, വിവിധ രാഷ്‌ട്രീയ നേതാക്കൾ തുടങ്ങിയവർക്ക് പിന്നാലെ തന്റെ തന്നെ വ്യാജ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഡീപ് ഫേക് ആപത്തിനെപറ്റി മോദി സംസാരിച്ചത്.
/sathyam/media/media_files/Hufuv7FNXe5PAkVr2kRW.jpg)
വ്യാജപ്രചാരണം ഉന്നമിട്ട് ദുഷ്‌ടബുദ്ധിയോടെ സൃഷ്‌ടിക്കുന്ന ഡീപ് ഫേക് വീഡിയോകൾ ഇന്ത്യയെ പോലെ വൈവിധ്യമാർന്ന സമൂഹത്തിൽ വിദ്വേഷത്തിന്റെ തീ കൊളുത്താൻ ഇടയാക്കും. ഈ വിപത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ മാദ്ധ്യമങ്ങൾ മുൻകൈ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി ഗുജറാത്തിന്റെ കലാരൂപമായ ഗർബ നൃത്തം ചെയ്യുന്ന മട്ടിലുള്ള വ്യാജ വീഡിയോയാണ് പ്രചരിച്ചത്. മോദി വ്യാജ വീഡിയോയിലെ നർത്തകൻ മോദിയുടെ മുഖസാദൃശ്യമുള്ള മുംബയ് സ്വദേശിയും നടനുമായ വികാസ് മഹന്തയാണ്. ലണ്ടനിലെ ദീപാവലി ആഘോഷത്തിനിടെ നൃത്തം വച്ച വികാസിന്റെ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മോദിയുടെ നൃത്തമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്.
നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വ്യക്തിയുടെ രൂപം, ശബ്ദം തുടങ്ങി ചുണ്ടുകളുടെ ചെറുചലനം വരെ മാറ്റുന്നതാണ് ഡീപ് ഫേക്ക് തട്ടിപ്പ്. ഇതിന് പ്രത്യേക അൽഗോരിതങ്ങളും സോഫ്റ്റ്‌വെയറുകളും ആപ്പുകളുമുണ്ട്.
ലോകത്ത് ആദ്യ ഡീപ് ഫേക്ക് വീഡിയോ 2017ൽ റെഡിറ്റ് എന്ന സമൂഹമാദ്ധ്യമത്തിലെത്തി. രാജ്യത്ത് ആദ്യമായി ഡീപ് ഫേക്ക് വീഡിയോ കോൾ തട്ടിപ്പ് കോഴിക്കോട്ടാണ് മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 45,000 രൂപയായിരുന്നു.