ഡൽഹി: ട്രെയിൻ യാത്രയ്ക്ക് വൻ തിരക്കേറുകയും ടിക്കറ്റ് കിട്ടാനില്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്ത് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുത്തേനേ കുതിച്ചുയരുന്നു. രാജധാനി പോലുള്ള സർവീസുകളിൽ ട്രെയിൻ നിരക്കിനേക്കാൾ താഴ്ന്ന നിരക്കിൽ വിമാനടിക്കറ്റ് കിട്ടുമെന്ന സ്ഥിതിയുമുണ്ട്.
ആഭ്യന്തരവിമാന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലും റെക്കാർഡ് കുതിപ്പാണുണ്ടായത്. ഞായറാഴ്ച 4,56,910 പേരാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസ് ഉപയോഗപ്പെടുത്തിയത്. ശനിയാഴ്ച യാത്രികരുടെ എണ്ണം 4,56,748 ൽ എത്തി റെക്കാർഡിട്ടിരുന്നു. ആഭ്യന്തര വിമാന യാത്രയ്ക്ക് പുറമേ വിദേശ സർവീസുകളുടെ കാര്യത്തിലും വൻ കുതിപ്പാണുണ്ടാവുന്നത്.
കോവിഡ് കാലത്തോടെ തളർച്ചയിലായിരുന്ന രാജ്യത്തെ വ്യോമയാന രംഗം വീണ്ടും കുതിച്ചുയരുന്നതാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യൻ വ്യോമയാനമേഖലയിൽ അസാധാരണമായ വളർച്ചയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
മുൻവർഷം നവംബർ 19 ന് 3,93,391 ആഭ്യന്തര വിമാന യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. സാമ്പത്തിക മേഖലയിലെഉണർവും വിദേശ ബിസിനസിലും വിദ്യാഭ്യാസത്തിലുമുണ്ടാകുന്ന ചലനങ്ങളുമാണ് വ്യോമയാന രംഗത്തിന് കരുത്ത് പകരുന്നത്.
ആഗോളവ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയകണക്കുകളനുസരിച്ച് നടപ്പു വർഷം ആദ്യ പത്ത് മാസങ്ങളിൽ രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ ഏറ്റവും മികച്ച വളർച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.
ചൈനയും സിംഗപ്പൂരും ജപ്പാനുമെല്ലാം ഈ രംഗത്ത്നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയുടെആകാശ യാത്രകളിൽ നാലു ശതമാനത്തിലധികം വർദ്ധനയുണ്ടായി.
രാജ്യത്തെ പ്രമുഖ വിമാനകമ്പനികൾ പലതും പ്രതിസന്ധിയിലായതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വിൽപ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും ഇരട്ടിമധുരമായി. നടപ്പു വർഷം ഇതുവരെ ഇന്ത്യൻ വിമാനകമ്പനികളുടെ മൊത്തം ലാഭത്തിൽ 40 ശതമാനത്തിലധികം വർദ്ധനയുണ്ട്.
യൂറോപ്പിലും അമേരിക്കയിലും മാന്ദ്യം ശക്തമാകുന്നതിനാൽ എണ്ണ വില താമസിയാതെ 70 ഡോളർ വരെ എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മാസങ്ങളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ വില നാല് ശതമാനം കുറച്ചിരുന്നു.
വിമാന കമ്പനികളുടെ മൊത്തം ചെലവിൽ 40 ശതമാനവും ഇന്ധന വിലയായതിനാൽ പുതിയ സാഹചര്യം അവർക്ക് വൻ നേട്ടമായേക്കും. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറുന്നതിന്റെ സൂചനയാണ്.
തുടർച്ചയായ രണ്ടു ദിവസങ്ങളിൽ റെക്കാഡ് യാത്രികരെ നേടാനായത് വലിയ നേട്ടമാണെന്നും കേന്ദ്രം വിലയിരുത്തുന്നു. ആഭ്യന്തര സെക്ടറിൽ നിരക്ക് കുറച്ച് കടുത്ത മത്സരത്തിനാണ് ഇനിയുള്ള ദിനങ്ങളിൽ രാജ്യം സാക്ഷിയാവുക. വ്യോമയാന മേഖലയിലെ മത്സരം ഗുണം ചെയ്യുക സാധാരണക്കാർക്കായിരിക്കും.