ഡൽഹി: കണ്ണൂർ എയർപോർട്ടിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയെ ഡൽഹി കേരളഹൗസിന്റെ കൺട്രോളർ സ്ഥാനത്തേക്ക് നിയമിക്കാനുള്ള സിപിഎം ഉന്നത നേതാവിന്റെ നീക്കം വിവാദത്തിൽ.
ഈ തസ്തികയിൽ ഗസറ്റഡ് അല്ലാത്ത ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി നിലവിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റമടക്കം മറയാക്കി നിലവിലെ നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കാനാണ് നീക്കം.
ഇതിനായി 2023 ജൂലൈ നാലിന് ആദ്യം പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഡൽഹി റസിഡന്റ് കമ്മീഷണർക്ക് നൽകിയിരുന്നു. ഈ നീക്കം നടത്തിയ നേതാവിനെതിരേ പാർട്ടിയിൽ പടയൊരുക്കം സജീവമാണ്.
ഇതനുസരിച്ച് മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് പ്രത്യേക നിയമം തയ്യാറാക്കി 2023 സെപ്റ്റംബർ 14ന് കമ്മീഷണർ തിരിച്ചയച്ചു.
എന്നാൽ ഇതു പോരെന്നും കൺട്രോളർ നിയമനത്തിനും മറ്റ് തസ്തികകൾക്കുമടക്കം തയ്യാറാക്കുന്ന പ്രത്യേക നിയമത്തിൽ എന്തൊക്കെ വിശദാംശങ്ങൾ ഉൾപ്പെടുത്തണമെന്ന് കാട്ടി പൊതുഭരണവകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഡൽഹി റസിഡന്റ് കമ്മീഷണർക്ക് വീണ്ടും അയച്ച ഉത്തരവാണ് പുറത്തായത്.
നിലവിൽ അഡീ. സെക്രട്ടറി റാങ്കിൽ ഉള്ളയാളാണ് കേരള ഹൗസിന്റെ കൺട്രേളർ പദവിയിലുള്ളത്. ഇത് മറികടക്കാൻ കൺട്രേളർ തസ്തികയിലേക്ക് മൂന്ന് നിയമനരീതികൾ ഉൾപ്പെടുത്തണമെന്നും അത് ഏതൊക്കെയെന്നതും ഉത്തരവിൽ പറയുന്നു.
ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കോ അതിനു മുകളിൽ യോഗ്യതയുള്ളവർക്കോ അല്ലെങ്കിൽ സമാന തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ എത്തുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയോ കൺട്രോളർ സ്ഥാനത്ത് നിയമിക്കാം എന്നതാണ് ആദ്യത്തെ രണ്ട് നിയമന രീതികൾ.
നിലവിൽ ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്, കേറ്ററിങ്ങ് വിഭാഗത്തിലെ മാനേജർമാർക്ക് സ്ഥാനക്കയറ്റം നൽകി കൺട്രോളറാക്കുക എന്നതാണ് ഉത്തരവിൽ പറയുന്ന മൂന്നാമത്തെ നിയമനരീതി. ഇതാണ് പുതുതായി കൂട്ടിച്ചേർക്കാൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹൗസ് കീപ്പിംഗ്, കേറ്ററിങ്ങ് മാനേജർ തസ്തികകൾ ഗസറ്റഡായതിനാൽ അവിടെ സെക്ഷൻ ഓഫീസർ തസ്തികകളിൽ ഉള്ളവരെയാണ് നിയമിക്കുന്നത്. ഫ്രണ്ട് ഓഫീസ് മാനേജറുടേത് സീനിയർ ഗ്രേഡ് അസിസ്റ്റന്റ് തസ്തികയായതിനാൽ ഗസറ്റഡല്ല. ഇവിടെ നിലവിലുള്ളയാളെ നിയമിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം.
ബിരുദ യോഗ്യത പോലുമില്ലാത്ത കണ്ണൂർ സ്വദേശിയും നിലവിൽ കണ്ണൂർ എയർപോർട്ടിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കൺട്രോളറാക്കാനുള്ള ഉന്നതന്റെ നിർദ്ദേശമാണ് പ്രത്യേക നിയമത്തിനുള്ള നീക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നീ പദവികൾ വഹിച്ചശേഷമാണ് സാധാരണ സെക്ഷൻ ഓഫീസർ അഡീ. സെക്രട്ടറിയാകുക. അതിലും താഴെയാണ് സീനിയർ ഗ്രേഡ് അസിസ്റ്റന്റ്.
പ്രത്യേക നിയമത്തിൽ ഈ അധികാരശ്രേണി മറികടക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതനുസരിച്ച് റസിഡന്റ് കമ്മീഷണർ തയ്യാറാക്കി അയച്ചിട്ടുള്ള പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവ് പുറത്തിറങ്ങും.
കേരള ഹൗസിലെ തസ്തികകളിലെ നിയമന രീതി ഇങ്ങനെയാണ് - ഫ്രണ്ട് ഓഫീസ് മാനേജർ: റിസ്പക്ഷൻ അസിസ്റ്റന്റിന് സ്ഥാനക്കയറ്റം വഴി നിയമനം. യോഗ്യത: റിസപ്ഷൻ അസിസ്റ്റന്റായി ഡൽഹി കേരള ഹൗസിൽ 15 വർഷത്തെ പ്രവൃത്തി പരിചയം.
കേരള സർവ്വകശാല അംഗീകരിച്ച ടൂറിസം അഡ്മിനിസ്ട്രഷനിലുള്ള പി.ജി ഡിപ്ലോമ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഹൗസ് കീപ്പിംഗ് മാനേജർ: ഹൗസ് കീപ്പിംഗ് സൂപ്പർവൈസർക്ക് സ്ഥാനക്കയറ്റം വഴി നിയമനം. യോഗ്യത: കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം. 3 വർഷത്തെ പ്രവൃത്തി പരിചയം.
കേറ്ററിംഗ് മാനേജർ: കേറ്റിംഗ് സൂപ്പർവൈസർക്ക് സ്ഥാനക്കയറ്റം വഴി നിയമനം. യോഗ്യത: സർവ്വകലാശാല ബിരുദം. കേറ്റിംഗ് സൂപ്പർവൈസറായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം.