ഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരേ അതിരൂക്ഷമായ വിമർശനങ്ങളോടെ സംസ്ഥാന സർക്കാരിന്റെ സത്യലാങ്മൂലം സുപ്രീംകോടതിയിൽ.
ഒപ്പിടാനുള്ള 8 ബില്ലുകളിൽ മൂന്നെണ്ണം നേരത്തേ പുറപ്പെടുവിച്ച ഓർഡിനൻസിന്റെ തുടർച്ചയാണെന്നും ആ ഓർഡിനൻസുകളിൽ ഒപ്പിട്ട ഗവർണർ അവ ബില്ലായപ്പോൾ അംഗീകരിക്കുന്നില്ലെന്നും കേരളം തുറന്നടിച്ചു.
നിയമ നിർമ്മാണസഭയുടെ ഭാഗമാണ് താനെന്ന കാര്യം ഗവർണർ മറക്കുന്നു, മൂന്ന് ഓർഡിനൻസുകളിൽ ഒപ്പിട്ടെങ്കിലും ബില്ലായപ്പോൾ അംഗീകരിക്കുന്നില്ല, മൂന്ന് ബില്ലുകളിൽ രണ്ടുവർഷത്തിലേറെയായി ഗവർണർ അടയിരിക്കുന്നു എന്നിങ്ങനെ രൂക്ഷമായ വിമർശനങ്ങളാണ് ഗവർണർക്കെതിരേ സർക്കാർ ഉന്നയിക്കുന്നത്. എന്തായാലും ഗവർണർ- സർക്കാർ പോര് ഇനി സുപ്രീംകോടതിയിൽ കടുക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഒപ്പിടാനുള്ള ബില്ലുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടുവന്ന് വിശദീകരിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് തിരിച്ചടിയാകാതിരിക്കാനാണ് സർക്കാരിന്റെ ഈ കരുനീക്കം.
15ൽപ്പരം തവണ ആശയവിനിമയം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ വാദം പൊളിക്കാൻ സർക്കാർ അധിക സത്യവാങ്മൂലവും സമർപ്പിച്ചു. ഗവർണർക്ക് വിവരങ്ങൾ നൽകുന്നതിൽ മുഖ്യമന്ത്രിക്കുള്ള ഉത്തരവാദിത്തം വ്യക്തമാക്കുന്ന ഭരണഘടനയിലെ 167 -ാം അനുച്ഛേദം ഗവർണറും കേന്ദ്രസർക്കാരും ആയുധമാക്കുമെന്ന് മുൻകൂട്ടി കണ്ടാണ് നീക്കം.
ഡൽഹിയിൽ കെ.കെ. വേണുഗോപാലും സർക്കാർ അഭിഭാഷകരും പങ്കെടുത്ത ഉന്നതതല യോഗത്തിലും ഇക്കാര്യം ചർച്ചയായി. ഭരണഘടനയുടെ അനുച്ഛേദം 167 പ്രകാരം ഭരണ, നിയമനിർമ്മാണ വിവരങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരിക്കണം. ഇത് ലംഘിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് സർക്കാർ.
എട്ട് ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസ് അയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതിനകം മറുപടി സമർപ്പിക്കണം. കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലോ, സോളിസിറ്റർ ജനറലോ എത്തണം.
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തണമെന്നില്ലെങ്കിലും ഗവർണർ ശാഠ്യംപിടിച്ചാൽ വഴങ്ങുന്നതിൽ തെറ്റില്ലെന്നാണ് ഒരുവിഭാഗം നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.
ഭരണം സുഗമമാവാൻ സർക്കാരും ഗവർണറും സമവായത്തോടെ നീങ്ങണമെന്ന് പലതലവണ സുപ്രീംകോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിലാണ് ആകാംക്ഷ.
ബില്ലുകളിൽ മൂന്നുവർഷം എന്തുചെയ്യുകയായിരുന്നെന്ന് തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവിക്ക് സൂപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതി നോട്ടീസ് അയയ്ക്കും വരെ എന്തിന് കാത്തിരുന്നെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
2020 ജനുവരി മുതൽ ബില്ലുകൾ ഗവർണറുടെ പരിഗണനയിലായിരുന്നു. തമിഴ്നാട് സഭ ശനിയാഴ്ച വീണ്ടും പാസാക്കി തിരിച്ചയച്ച 10 ബില്ലുകളിൽ തീരുമാനത്തിനായി ഡിസംബർ ഒന്ന് വരെ കാത്തിരിക്കുമെന്നാണ് സർക്കാർ നിലപാട്.