ഡല്‍ഹി: അപ്രതീക്ഷിതമായി ദയനീയ തോല്‍വി ഏറ്റുവാങ്ങിയ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചത് സംസ്ഥാന നേതൃത്വങ്ങളുടെ അഹങ്കാരവും തമ്മില്‍ തല്ലും; തെലുങ്കാനയിലെ വിജയത്തിനു പിന്നില്‍ എഐസിസിയും - സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ കൂട്ടായ പരിശ്രമം, ഛത്തിസ്‌ഗഢിലേത് അമിത ആത്മവിശ്വാസം - 5 സംസ്ഥാന നിയമസഭകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് തോല്‍വിയെ കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നതിങ്ങനെ.
സമീപകാലത്ത് വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഘടകങ്ങള്‍ കൈക്കൊണ്ട രണ്ട് ശൈലികള്‍ പാഠമാക്കാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. അതില്‍ ആദ്യത്തെ ശൈലി രാജ്യമെങ്ങും മാതൃകയാക്കുക, രണ്ടാമത്തേത് പൂര്‍ണമായും തള്ളുക.
ആദ്യ ശൈലി കര്‍ണാടകയിലും ഇപ്പോള്‍ തെലുങ്കാനയിലും പരീക്ഷിച്ച് വിജയിച്ചത്. രണ്ടാമത്തേത് മധ്യപ്രദേശിലും രാജസ്ഥാനിലും അവിടുത്തെ നേതൃത്വങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടത്. അതിനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഹൈക്കമാന്‍റ്. ഒപ്പം അമിത ആത്മവിശ്വാസം ഇനി ഒരു സംസ്ഥാനവും വച്ചുപുലര്‍ത്തരുതെന്നും നിര്‍ദേശം നല്‍കും.
കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങളുടെ കൂട്ടായ പരിശ്രമവും ഐക്യവും ഉണ്ടെങ്കില്‍ മാത്രമേ വിജയം സാധ്യമാകൂ എന്നതാണ് കര്‍ണാടക - തെലുങ്കാന മോഡലോടെ ഹൈക്കമാന്‍റ് ഉറപ്പിക്കുന്നത്.
രാജസ്ഥാനില്‍ അശോക് ഗെലോട്ടും മധ്യപ്രദേശില്‍ കമല്‍നാഥും കാണിച്ച അഹങ്കാരവും ധിക്കാരവും പരാജയത്തിന് വഴിമരുന്നിട്ടു എന്നാണ് വിലയിരുത്തല്‍. രണ്ട് സംസ്ഥാനങ്ങളിലും നേതൃത്വങ്ങള്‍ സീറ്റ് വിഭജനത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും എഐസിസിയെ കേള്‍ക്കാന്‍ തയ്യാറായില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെ സംസ്ഥാനത്ത് പ്രചരണ രംഗത്ത് വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ പോലും സംസ്ഥാന നേതാക്കള്‍ തയ്യാറായില്ല.
പ്രചരണം തുടങ്ങിയ ശേഷം പോലും പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ തണുപ്പിക്കാനോ എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്താനോ അശോക് ഗെലോട്ടും കമല്‍ നാഥും തയ്യാറായില്ല. ഇതെല്ലാം അമിത ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.
തെലുങ്കാനയില്‍ ടീം വര്‍ക്ക്
/sathyam/media/media_files/vZZBY0AZsmmo9aUHW1iQ.jpg)
അതേസമയം തെലുങ്കാനയില്‍ സംസ്ഥാന നേതൃത്വവും എഐസിസി ടീമും സംയുക്തമായാണ് പ്രവര്‍ത്തിച്ചത്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി നീങ്ങി. സംസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളെ ചേര്‍ത്ത് ഒറ്റക്കെട്ടായി പ്രചരണം നയിക്കാന്‍ പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിക്ക് കഴിഞ്ഞു. ഓരോ വോട്ടിലും ശ്രദ്ധയൂന്നിയായിരുന്നു പ്രവര്‍ത്തനം.
കര്‍ണാടകയില്‍ ഇതേ തന്ത്രങ്ങളിലൂടെ വിജയം കൊയ്ത പിസിസി അധ്യക്ഷന്‍ കൂടിയായ ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തെലുങ്കാനയിലും പ്രചരണ ചമുതല ഏറ്റെടുത്തത് ശരിയായ തീരുമാനത്തിന്‍റെ ഭാഗമായിരുന്നെന്ന് തെളിഞ്ഞു.
അതേസമയം എല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന ധിക്കാരത്തില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും യാതൊരു ഏകീകരണവും പ്രചരണത്തിലുണ്ടായില്ലെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍.
/sathyam/media/media_files/kEdJlTnAIher5VcQDmYl.jpg)
നടപടി ഉറപ്പ്, പക്ഷേ വൈകും
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ തല്‍ക്കാലം ഇരുവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ഹൈക്കമാന്‍റ് തയ്യാറായേക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇരു സംസ്ഥാനങ്ങളിലും നേതൃമാറ്റം ഉറപ്പാണ്. ഗെലോട്ടിനെയും കമല്‍നാഥിനെയും സംസ്ഥാന നേതൃത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തും. രാജസ്ഥാനില്‍ പൂര്‍ണ ചുമതല സച്ചിന്‍ പൈലറ്റിന് നല്‍കാനാണ് സാധ്യത. അനുസരിക്കാത്തവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നതാണ് കോണ്‍ഗ്രസ് നയം.