/sathyam/media/media_files/DakImmJkKwU6Sj7Mdmfg.jpg)
മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് 'മണിപ്പൂര്‍ എഫ്ഐആര്‍' എന്ന പുസ്തകം എഴുതിയ ഡല്‍ഹിയിലെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ജോര്‍ജ് കള്ളിവയലില്‍. സത്യം ഓണ്‍ലൈന്‍ ടിവി 'നേര് പറഞ്ഞ് ' ല്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ കലാപങ്ങളാണ് മണിപ്പൂരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ സര്‍ക്കാരുകളുടെ മൗനമാണ് ഏറ്റവും ഭയപ്പെടുത്തുന്നത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് അവസാനിപ്പിക്കാമായിരുന്ന ഒരു കലാപമാണ് മാസങ്ങള്‍ക്കുശേഷവും തുടരുന്നത്. പലപ്പോഴും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഏകപക്ഷീയമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം കണ്ടാല്‍ വെട്ടി കൊല്ലുകയോ വെടിവെച്ചു കൊല്ലുകയോ കുത്തി കൊല്ലുകയോ ചെയ്യുന്നത്ര ഭീകരമായ ശത്രുത നിലനില്‍ക്കുന്നു - ആസൂത്രിതമായ കൊള്ളയും കൊലപാതകങ്ങളും അരങ്ങേറുന്നു.
കലാപത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ പോലീസില്‍ അഭയം തേടിയിട്ടുപോലും ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും അവരെ ഇറക്കിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്ത സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സര്‍ക്കാരുകള്‍ നിഷ്ക്രിയമായിരിക്കെ പോലീസിന്‍റെ ആയുധപ്പുരകള്‍ ആക്രമിക്കപ്പെട്ടു.
ഈ കലാപം ഇനിയും തുടരാനനുവദിക്കാതെ അവസാനിപ്പിക്കുകയാണ് വേണ്ടത്. സമാധാന കമ്മറ്റികള്‍ ഉണ്ടാകണം. ചര്‍ച്ചകള്‍ നടത്തണം. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ശാശ്വത പരഹാരമാണ് ആവശ്യം.