/sathyam/media/media_files/thcw529pzTo2nLy6i0rL.jpg)
ഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസന്റെ നിയമനം നിലനിൽക്കില്ലെന്ന് യുജിസി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് അടുത്ത തിരിച്ചടി ഉറപ്പായി.
നിയമനത്തിന് വേണ്ട അദ്ധ്യാപന പരിചയം ഇല്ലാത്ത പ്രിയയെ ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന കാലയളവായി പരിഗണിച്ചാണ് നിയമിച്ചത്. സർവകലാശാലാ നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യക്തിചലിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കിയതോടെ നിയമനത്തിന്റെ ഗതി വ്യക്തമായി.
പ്രിയാവർഗ്ഗീസിനെ ചട്ടവിരുദ്ധമായി അസോസിയേറ്റ് പ്രൊഫസറാക്കാൻ നാല് ഘട്ടങ്ങളായി നടത്തിയ മിന്നൽനീക്കങ്ങൾ നേരത്തേ ഹൈക്കോടതിയും നേരത്തേ പൊളിച്ചടുക്കിയിരുന്നു. 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള, സി.പി.എം അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ പ്രവർത്തകനായ ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ അദ്ധ്യാപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയാവർഗീസിന് ഒന്നാംറാങ്ക് നൽകിയത്. ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ് പ്രൊഫസറുടെ ശമ്പളം.
ഡോ.ഗോപിനാഥ് രവീന്ദ്രൻ ആദ്യവട്ടം വി.സിയായിരുന്ന അവസാന കാലഘട്ടത്തിലാണ് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് ശരവേഗത്തിൽ നടപടികളുണ്ടായത്. വി.സിയുടെ കാലാവധി തീരുന്നതിന് തൊട്ടുമുൻപായിരുന്നു അഭിമുഖം. സർവകലാശാലകളുടെയും കോളേജുകളുടെയും പ്രവർത്തനം സുഗമമായി നടക്കുമ്പോൾ ഇന്റർവ്യൂ നേരിട്ട് നടത്താതെ ഓൺലൈനായി നടത്തി.
എം.ബി.രാജേഷിന്റെ ഭാര്യയുടെ സംസ്‌കൃത സർവകലാശാലയിലെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസറെ ഇവിടെയും ഇന്റർവ്യൂ ബോർഡംഗമാക്കി. പ്രിയ ഒന്നാമതെത്തിയ റാങ്ക് പട്ടിക രഹസ്യമാക്കി വച്ചു. ഇതിനുള്ള പരിതോഷികമെന്നോണം സർക്കാർ ഗവർണറിൽ സമ്മർദ്ദം ചെലുത്തി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകി.
നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള സ്കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനായിരുന്നു. അദ്ധ്യാപന പരിചയവും പ്രിയയ്ക്കാണ് തീരെ കുറവ്. എന്നിട്ടും അഭിമുഖത്തിന് 32 മാർക്ക് നൽകി പ്രിയയെ ഒന്നാം റാങ്കിലെത്തിച്ചു. ഗവേഷണത്തിനുള്ള 156 സ്കോർ പോയിന്റാണ് പ്രിയയ്ക്കുള്ളത്. ഏറ്റവും കൂടുതൽ പോയിന്റുള്ള (651)ചങ്ങനാശേരി എസ്.ബി കോളേജിലെ അദ്ധ്യാപകൻ ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 പോയിന്റുള്ള മലയാളം സർവകലാശാലയിലെ സി.ഗണേഷിന് മൂന്നാം റാങ്കുമാണ് സെലക്ഷൻ കമ്മിറ്റി നൽകിയത്.
ദേശീയ,അന്തർദേശീയ തലത്തിൽ എത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നതാണ് സ്കോർ പോയിന്റ്. 15 വർഷം അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് 30 മാർക്കും ഗണേഷിന് 28 മാർക്കുമാണ് അഭിമുഖത്തിൽ ലഭിച്ചത്.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഒന്നാം റാങ്കിലെത്തിയ പ്രിയാ വർഗീസിന് കേവലം ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രമാണുള്ളതെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം നിശ്ചിത തൊഴിൽ പരിചയവും ആവശ്യമുള്ള തസ്തികകൾക്ക്, യോഗ്യത പരീക്ഷ പാസ്സായതിനു ശേഷമുള്ള തൊഴിൽ പരിചയം മാത്രമേ കണക്കിലെടുക്കാൻ പാടുള്ളുവെന്ന് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 2014 ൽ ഉത്തരവിറക്കിയിട്ടുണ്ട്.
ഈ ഉത്തരവ് സുപ്രീംകോടതി ശരിവച്ചിട്ടുമുണ്ട്. പ്രിയാ വർഗീസ് 2019 ലാണ് കണ്ണൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്. തുടർന്ന് രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടഷനിൽ നിയമിക്കപെട്ടു. (7.8.2019 - 15.6.2021) 2021 ജൂൺ 16 ന് തൃശ്ശൂർ കേരളവർമ്മ കോളേജിൽ പുനപ്രവേശിച്ചു. 2021 ജൂലായ് ഏഴു മുതൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തുടരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ തസ്തികകൾ അനധ്യാപക തസ്തികകളാണ്.
യൂജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നേരിട്ടുള്ള നിയമനത്തിന് ഗവേഷണബിരുദവും എട്ടു വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. 2019 ൽ പിഎച്ച്ഡി ബിരുദം നേടിയശേഷം പ്രിവർഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 2021 നവംബർ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി, നവംബർ 18 ന് ഓൺലൈൻ ഇന്റർവ്യൂവിലൂടെ പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകുകയായിരുന്നു.
പത്ത് അപേക്ഷകരുണ്ടായിരുന്നെന്നും ഇതിൽ നാലുപേരുടെ ഗവേഷണ ലേഖനങ്ങൾ യുജിസി അംഗീകൃത ഗവേഷണ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ പരിശോധനാ സമിതി നിരാകരിച്ചതായും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർവ്യൂവിന് ക്ഷണിക്കാൻ തയ്യാറാക്കിയ ചുരുക്കപട്ടികയിലെ ആറു പേരിൽ നാലുപേർ ഗവേഷണ ബിരുദം നേടിയ ശേഷം 8 മുതൽ 13 വർഷം വരെ അദ്ധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങൾ ദേശീയഅന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീരിച്ചിട്ടുള്ളവരുമാണ്.
പ്രിയാവർഗീസ് അപേക്ഷയോടൊപ്പം സമർപ്പിച്ച സാക്ഷ്യപത്രത്തിൽ 2012 മാർച്ച് മുതൽ 2021 വരെ ഒൻപത് വർഷം കേരളവർമ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാൽ മൂന്നുവർഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവർഷം കണ്ണൂർ സർവകലാശാലയിൽ ഡെപ്യൂട്ടേഷനിലായിരുന്നതും ഉൾപ്പെടുത്തിയിട്ടില്ല.
പ്രിയയുടെ ഡെപ്യൂട്ടേഷൻ നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്നും പരാതി ഉയർന്നിരുന്നു. ഗവേഷണത്തിനു ശേഷം സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി കണ്ണൂർ സർവകലാശാലയിലും തുടർന്ന് സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷൻ അനുവദിച്ചത് ചട്ടവിരുദ്ധമായാണെന്നാണ് പരാതി.
കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി 2019 മുതൽ രണ്ടു വർഷം പ്രിയയെ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. സ്റ്റുഡൻസ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അധ്യാപന പരിചയവും ഭരണ പരിചയവും വേണം. ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ കേരളവർമ്മ കോളേജിലെ മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണ് പ്രിയാ വർഗീസിനുള്ളത്.
എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്ററായും പ്രിയയ്ക്ക് ഡെപ്യൂട്ടേഷൻ നിയമനം ലഭിച്ചിരുന്നു. ഈ തസ്തികയിലേക്കും 10 വർഷത്തെ അദ്ധ്യാപന പരിചയമാണ് വേണ്ടത്. ഇത് പ്രിയയ്ക്ക് ഇല്ല.
ഗവേഷണ കാലയളവിന് ശേഷം, അഞ്ചുവർഷം അതേ കോളേജിൽ അധ്യാപനം നടത്തണമെന്ന് കരാറുണ്ട്. കരാർ ലംഘിച്ചാൽ വാങ്ങിയ ശമ്പളം പൂർണമായും തിരികെ നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഗവേഷണ കാലഘട്ടത്തിനുശേഷം സ്റ്റുഡൻസ് സർവീസ് ഡയറക്ടറായി കണ്ണൂർ സർവ്വകലാശാലയിലും തുടർന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഡെപ്യൂട്ടേഷൻ അനുവദിച്ചത് ചട്ടവിരുദ്ധമായാണെന്നാണ് പരാതി.
ഡെപ്യൂട്ടേഷൻ കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കിലെടുത്താണ് പ്രിയാ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് ക്ഷണിച്ചതും ഒന്നാം റാങ്ക് നൽകിയതും. ഇതാണ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയത്. ഡെപ്യൂട്ടേഷൻ നിയമനങ്ങളിലെ ചട്ടവിരുദ്ധത അന്വേഷിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയത്.