/sathyam/media/media_files/vBf3VIzKBi0ujgNYpeMm.jpg)
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ രണ്ടു ഘട്ടം മാത്രം ബാക്കി നിൽക്കെ ഇന്ത്യ മുന്നണിയുടെ ആത്മവിശ്വാസം വർധിക്കുന്നു. കേവല ഭൂരിപക്ഷത്തിലേക്ക് മുന്നണിക്ക് എത്താനായില്ലെങ്കിലും 250 സീറ്റ് വരെ നേടാനാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. ഇനി വോട്ടെടുപ്പ് നടക്കാനുള്ള 114 മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം നടത്താൻ മുന്നണിക്ക് കഴിയുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണയിൽ നിന്നും വിഭിന്നമായി ബിജെപി സഖ്യത്തെ പ്രതിരോധത്തിലാക്കാൻ ഇന്ത്യ മുന്നണിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് 400 സീറ്റ് ലഭിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപി സഖ്യം ഇപ്പോൾ അത്ര ആത്മവിശ്വാസത്തിൽ അല്ല.
തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലും മദ്യനയക്കേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യം നേടി പുറത്തുവന്നത് ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. അരവിന്ദ് കെജ്രിവാളാണ് ഇന്ത്യ മുന്നണിയുടെ പ്രചാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിയന്ത്രിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകില്ല, അമിത് ഷായാകും ബിജെപി സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാൽ പ്രധാനമന്ത്രിയാകുക എന്ന പ്രചാരണം തൊടുത്തു വിട്ടത് കെജ്രിവാളായിരുന്നു. പെട്ടന്ന് ഉണ്ടായ ഈ പ്രഹരത്തിന് മറുപടി നൽകാൻ ബിജെപി നന്നേ വിയർക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം അമിത് ഷാ പ്രധാനമന്ത്രിയാകില്ലെന്ന് പറഞ്ഞ കെജ്രിവാൾ മോദിയെന്ന വാക്ക് പോലും മിണ്ടിയില്ല. ബിജെപി ക്യാമ്പിനെ അമ്പരപ്പിക്കുന്ന നീക്കമാണ് കെജ്രിവാൾ നടത്തിയത്.
ഒപ്പം ആം ആദ്മി പാർട്ടിക്ക് വലിയ സ്വാധീനമുളള സംസ്ഥാനങ്ങളിൽ അവസാന ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യാ മുന്നണിക്ക് ഊർജ്ജം പകരുന്നുണ്ട്. ഇതിനു പുറമെ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി എന്നിവരുടെ ജനപിന്തുണ കൂടിയതും നേട്ടമായി.
യുപിയിലും ബിഹാറിലും മഹാരാഷ്ട്രയിലുമൊക്കെ വലിയ പ്രതീക്ഷ പ്രതിപക്ഷ സഖ്യം വയ്ക്കുന്നത് സർക്കാർ വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസത്തെ തള്ളി കളയുകയാണ് ബിജെപി. മികച്ച പ്രകടനത്തോടെ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബിജെപി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us