/sathyam/media/media_files/qu8ivAfB0qix2azxw5bu.jpg)
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അവസാനിക്കാൻ രണ്ടുഘട്ടം മാത്രം അവശേഷിക്കെ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. കഴിഞ്ഞ തവണത്തെ പോലെ ഏകപക്ഷീയമായ കീഴടങ്ങലാവില്ല പ്രതിപക്ഷത്തിന്റെതെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. അധികാരത്തിലെത്തുമെന്ന് അമിത പ്രതീക്ഷയില്ലെങ്കിലും പ്രകടനം മോശമാകില്ലെന്ന് ഇന്ത്യ മുന്നണി നേതാക്കൾ കണക്കുകൾ വ്യക്തമാക്കി നിരത്തുന്നു.
കഴിഞ്ഞ തവണ പാടേ തകർന്നടിഞ്ഞ ഉത്തരേന്ത്യയിൽ മികച്ച തിരിച്ചു വരവാണ് മുന്നണിയുടെ പ്രതീക്ഷ. ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റും മുന്നണി കണക്ക് കൂട്ടുന്നു.
ഇത്തവണ 212 മുതൽ 225 സീറ്റ് വരെ ഇന്ത്യ മുന്നണി വിജയിക്കുമെന്നാണ് അവരുടെ കണക്ക്. ദക്ഷിണേന്ത്യയിൽ നിന്നും 82 മുതൽ 85 സീറ്റ് വരെയാണ് ഇന്ത്യ മുന്നണി പ്രതീക്ഷിക്കുന്നത്.
ഉത്തരേന്ത്യ അടക്കം മറ്റിടങ്ങളിൽ നിന്നും 130 മുതൽ 140 വരെ സീറ്റുകളാണ് പ്രതീക്ഷ. രാഷ്ട്രീയ നിരീക്ഷകരും ഈ കണക്കുകൾ തള്ളി കളയുന്നില്ല.
2019ൽ നിന്നും വ്യത്യസ്തമായി ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. യുപിയിൽ ബിജെപി വിജയിച്ച സീറ്റിൽ നിന്നു 15 എണ്ണമെങ്കിലും തിരിച്ചു പിടിക്കും.
മഹാരാഷ്ട്രയിലും ബിഹാറിലും പകുതി എണ്ണത്തിൽ വിജയിക്കും. പശ്ചിമ ബംഗാളിൽ മമതയും മികച്ച പ്രകടനം തുടരുമെന്നും പ്രതീക്ഷയുണ്ട്.
കോൺഗ്രസും ഇത്തവണ വൻ തിരിച്ചുവരവ് നടത്തുമെന്നാണ് കണക്കു കൂട്ടൽ. ദക്ഷിണേന്ത്യയിൽ നിന്നു മാത്രം കഴിഞ്ഞ തവണത്തെ സീറ്റ് പിടിക്കാമെന്നും പാർട്ടി കണക്കു കൂട്ടുന്നുണ്ട്.
ആകെ സീറ്റ് നേട്ടം 100 കടക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. 92 മുതൽ 104 വരെ കിട്ടുമെന്ന കണക്കാണ് കോൺഗ്രസിനുള്ളത്. ദക്ഷിണേന്ത്യയിൽ നിന്നും 50 മുതൽ 55 വരെയും ഉത്തരേന്ത്യയിൽ 49 സീറ്റ് വരെയും കിട്ടുമെന്നാണ് പ്രതീക്ഷ.
കർണാടകയിൽ നിന്നും 15, കേരളത്തിൽ നിന്നും 13, തെലങ്കാനയിൽ 10, തമിഴ്നാട്ടിൽ നിന്നും 7 സീറ്റും നേടുമെന്ന് നേതൃത്വം പറയുന്നു. ആന്ധ്രയിലും നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us