സൈന്യത്തിൽ കരാറടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തുന്ന അഗ്നിവീർ പദ്ധതി പിൻവലിക്കേണ്ടി വരും. ജാതി സെൻനസ്, എക സിവിൽ കോഡ്, ഭരണഘടനാ ഭേദഗതി എല്ലാം കുഴയും. ആരെയും വകവയ്ക്കാതെയും കൂസാതെയുമുള്ള ഭരണം ഇനി കേന്ദ്രത്തിൽ നടക്കില്ല. നയപരിപാടികൾ തീരുമാനിക്കുന്നതിലടക്കം ഘടക കക്ഷികളുടെ അഭിപ്രായം തേടണം. പൊതുമിനിമം പരിപാടി വേണമെന്ന് നിതീഷ്. കാലുമാറ്റം പതിവാക്കിയ ഘടകക്ഷി നേതാക്കളെ ഒപ്പം നിർത്താൻ വിട്ടുവീഴ്ചകൾ ഏറെ വേണ്ടിവരും

കാലുമാറ്റം പതിവു രീതിയാക്കിയ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമൊക്കെ എത്രകാലം ബിജെപി സഖ്യത്തിലുണ്ടാവുമെന്ന് ഉറപ്പില്ല. അതിനാലാണ് ഉചിതമായ സമയത്ത് സർക്കാർ രൂപീകരിക്കുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചത്. വ്യത്യസ്ത താത്പര്യങ്ങളും അഭിപ്രായങ്ങളുമുള്ള ഘടകക്ഷികളെ എത്രകാലം ബിജെപിക്ക് ഒരുമിപ്പിച്ച് നിർത്താനാവും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
nitish kumar narendra modi chandrababu naidu

ഡൽഹി: കേവല ഭൂരിപക്ഷം കിട്ടാതായതോടെ, കഴിഞ്ഞ അഞ്ചു വർഷത്തേതു പോലെ ആരെയും കൂസാതെ ഭരിക്കാൻ ഇനി ബി.ജെ.പിക്ക് കഴിയില്ല. തങ്ങളുടെ പിന്തുണ നിർണായകമാണെന്ന് തിരിച്ചറിഞ്ഞ ഘടകകക്ഷികൾ പൊതു മിനിമം പരിപാടിയടക്കം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു.

Advertisment

കാലുമാറ്റം പതിവു രീതിയാക്കിയ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമൊക്കെ എത്രകാലം ബിജെപി സഖ്യത്തിലുണ്ടാവുമെന്ന് ഉറപ്പില്ല. അതിനാലാണ് ഉചിതമായ സമയത്ത് സർക്കാർ രൂപീകരിക്കുമെന്ന് ഇന്ത്യാ മുന്നണി പ്രഖ്യാപിച്ചത്. വ്യത്യസ്ത താത്പര്യങ്ങളും അഭിപ്രായങ്ങളുമുള്ള ഘടകക്ഷികളെ എത്രകാലം ബിജെപിക്ക് ഒരുമിപ്പിച്ച് നിർത്താനാവും എന്നതാണ് ഇനി കണ്ടറിയേണ്ടത്.


ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നയങ്ങളും അജൻഡകളും അതേപടി നടപ്പാക്കാൻ ഇനി കേന്ദ്രസർക്കാരിന് കഴിയില്ല. സഖ്യ കക്ഷികളുടെ മേധാവിത്വത്തിന് വഴങ്ങേണ്ടി വരുന്ന മൂന്നാമൂഴത്തിൽ നയപരിപാടികളിലടക്കം കാര്യമായ വിട്ടുവീഴ്‌ച ചെയ്യേണ്ടിവരും. ബി.ജെ.പി കഴിഞ്ഞാൽ വലിയ കക്ഷികളായ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, നിതീഷ് കുമാറിന്റെ ജെ.ഡി.യു കക്ഷികളുടെ നിലപാടുകളുമായി പൊരുത്തപ്പെടുന്ന നയങ്ങളേ ബി.ജെ.പിക്ക് നടപ്പാക്കാനാകൂ.


സൈന്യത്തിലേക്ക് 5വർഷ കരാറിൽ നിയമനം നടത്തുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ബീഹാറിലും യുപിയിലുമടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഏറെ തിരിച്ചടിയായ പദ്ധതിയാണിത്. പ്രതിപക്ഷത്തിന്റെ അതിരൂക്ഷമായ എതിർപ്പ് വകവയ്ക്കാതെയാണ് അഗ്നിപഥ് പദ്ധതി മോഡി സർക്കാർ നടപ്പാക്കിയത്.

നിതീഷ് കുമാറിന്റെ ജെ.ഡി.യു ഈ പദ്ധതിയെ അതിരൂക്ഷമായി എതിർക്കുകയാണ്. അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് ഈ കക്ഷികളെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയിരുന്നതാണ്. ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷം ജെ.ഡി.യു വക്താവ് കെ.സി. ത്യാഗിയാണ് പദ്ധതിക്കെതിരായ എതിർപ്പ് പ്രകടിപ്പിച്ചത്.

പദ്ധതി സംബന്ധിച്ച് സമഗ്ര ചർച്ച വേണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.യുവിന്റെ ആവശ്യം പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കുകയും ചെയ്‌തു. സർക്കാർ രൂപീകരണത്തിന് മുന്നേ തന്നെ ഒരു സഖ്യകക്ഷി ഭിന്ന നിലപാട് പരസ്യമാക്കിയതോടെ അഗ്നിപഥ് വിഷയത്തിൽ ബിജെപി പ്രതിരോധത്തിലാണ്. 2022 ജൂണിൽ ആരംഭിച്ച പദ്ധതിക്കെതിരെ വിമർശനമുയർന്ന പശ്‌ചാത്തലത്തിൽ സേനയ്‌ക്കുള്ളിൽ അഭിപ്രായ സർവേ തുടങ്ങുന്നുണ്ട്. പരിഷ്‌കരിക്കാൻ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കുകയും ചെയ്‌തു.

ജാതി സെൻനസ് വിഷയത്തിലും ബി.ജെ.പിയും ഘടക കക്ഷികളും തമ്മിൽ അഭിപ്രായ ഐക്യമില്ല. ബിഹാറിൽ മഹാമുന്നണിയുടെ ഭാഗമായിരുന്ന സമയത്ത് ജെ.ഡി.യു സർവെ നടത്തിയിരുന്നു. കോൺഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ വ്യാപകമായി ജാതി സെൻസസ് പ്രചാരണായുധമാക്കിയതാണ്.


എൻ.ഡി.എ സർക്കാരിൽ വിലപേശൽ ശക്തി ലഭിച്ച ജെ.ഡി.യുവിന്റെ നിലപാട് ബി.ജെ.പിക്ക് തലവേദനയാകും. അതിനാൽ ബി.ജെ.പി പഴയ കടുംപിടുത്തം ഉപേക്ഷിക്കുകയോ, ജെ.ഡി.യുവിനെ അനുനയിപ്പിക്കുകയോ ചെയ്യേണ്ടി വരും. അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ എതിർപ്പില്ലെന്ന് ജെ.ഡി.യു പറഞ്ഞത് ബി.ജെ.പിക്ക് ആശ്വാസമാണ്.


പക്ഷേ നായിഡുവിന്റെയും ചിരാഗ് പാസ്വാന്റെയുമൊക്കെ നിലപാട് അങ്ങനെയാവണമെന്നില്ല. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, നിയമം, ഐടി തുടങ്ങിയ വകുപ്പുകൾ ബി.ജെ.പി കൈയിൽ വയ്‌ക്കുമെങ്കിലും പ്രാധാന്യമുള്ള നിരവധി വകുപ്പുകൾ സഖ്യകൾക്ക് നൽകേണ്ടി വരും.

എല്ലാ വകുപ്പുകളിലും തീരുമാനങ്ങൾ മുകളിൽ നിന്നെടുക്കുകയും മന്ത്രിമാർ അതേപടി അത് നടപ്പാക്കുകയും ചെയ്യുന്ന നിലവിലെ രീതി ഇനി നടപ്പില്ല. സഖ്യകക്ഷികളുമായി ആലോചിച്ച് നയങ്ങളുണ്ടാക്കേണ്ട അവസ്ഥയാകും. സർക്കാരിന് പൊതുമിനിമം പരിപാടി വേണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം ഇതു മുന്നിൽ കണ്ടാണ്.

സ്പീക്കർ പദവി സഖ്യകക്ഷികൾ ആവശ്യപ്പെടുന്നതും ഇതെല്ലാം മുന്നിൽ കണ്ടാണ്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ സഖ്യകക്ഷികളുടെ ഉപാധികൾ  ഏറെക്കുറേ ബിജെപി അംഗീകരിക്കുമെന്നാണ് സൂചന. ജെ.ഡി.യുവിന് വിലപേശൽ ശക്തിലഭിച്ച പശ്ചാത്തലത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷിന്റെ വസതിയിലും യോഗം ചേർന്ന് ഭാവി നയപരിപാടികൾ ചർച്ച ചെയ്തിരുന്നു.

ബീഹാറിന് പ്രത്യേക പദവി, ജാതി സെൻസസ്, അഗ്‌നിവീർ പദ്ധതി പുനഃപരിശോധിക്കൽ തുടങ്ങിയ നിലപാടുകൾ ആവർത്തിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പാർട്ടി എതിരല്ലെന്നും കൂടിയാലോചന വേണമെന്നും നിതീഷ് നിലപാടെടുത്തിരിക്കുകയാണ്.

Advertisment