പ്രതിപക്ഷ നിരയില്‍ സര്‍വ്വ സ്വീകാര്യനായി രാഹുല്‍ ഗാന്ധി ! മോദിക്കൊത്ത എതിരാളിയെന്ന 'പദവി'യിലേയ്ക്ക് രാഹുലിനെ അംഗീകരിച്ച് മമതയും അഖിലേഷും കൂട്ടരും ! രാഹുല്‍ മാറി നിന്നാല്‍ മാത്രം സഖ്യമെന്ന് പറഞ്ഞപ്പോള്‍ മാറി നില്ക്കാന്‍ തയ്യാറായ രാഹുലിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ് അസ്ഥിര സര്‍ക്കാരിന്‍റെ ഉറക്കം കെടുത്തും !

രാഹുലിന് 'രാഷ്ട്രീയ അയിത്തം' കല്പിച്ചിരുന്ന തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിലവില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നതിനെ അനുകൂലിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
mamatha banarji rahul gandhi akhilesh yadav
Advertisment

ഡല്‍ഹി: തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത കോണ്‍ഗ്രസ് മുന്നേറ്റത്തോടെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സര്‍വ്വസ്വീകാര്യനായി രാഹുല്‍ ഗാന്ധി. രാഹുലിന് 'രാഷ്ട്രീയ അയിത്തം' കല്പിച്ചിരുന്ന തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിലവില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുന്നതിനെ അനുകൂലിക്കുകയാണ്.


പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ഒറ്റയ്ക്കുണ്ടെങ്കിലും ഇന്ത്യാ സഖ്യത്തിന്‍റെ നേതാവായി പ്രതിപക്ഷ സ്ഥാനത്ത് രാഹുലിനെ എത്തിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യം. രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം ശനിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഐകകണ്ഠേന പാസാക്കിയിരുന്നു.


യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും രാഹുല്‍ പ്രതികരിച്ചില്ല. പതിവിന് വിപരീതമായ പ്രമേയം പാസാക്കിയപ്പോഴും അദ്ദേഹം മൗനം തുടര്‍ന്നു. ഇനി ഇന്ത്യാ സഖ്യത്തിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് രാഹുലിനെ നേതാവായി തെരഞ്ഞെടുക്കാനുള്ള തന്ത്രമാകും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുക.

അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം രാഹുലിന്‍റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറായി കഴിഞ്ഞു. മോദിക്കെതിരെ പടനയിക്കാന്‍ രാഹുലിനേകൊണ്ട് ആകില്ല എന്നതായിരുന്നു മുന്‍പ് ഇന്ത്യാ സഖ്യത്തിനുള്ളില്‍ തന്നെയുള്ള വിമര്‍ശനം.


രാഹുലിനെ മുന്നില്‍ നിര്‍ത്തിയാല്‍ സഖ്യത്തിനില്ലെന്ന് പറഞ്ഞവരാണ് മേല്‍പ്പറഞ്ഞ നേതാക്കളില്‍ ഭൂരിഭാഗവും. അങ്ങനെയാണ് മല്ലികാര്‍ജുന ഖാര്‍ഗെയെ മുന്നില്‍ നിര്‍ത്തി സഖ്യം രൂപംകൊണ്ടത്.


തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ രാഹുലിനെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ലായിരുന്നു. മാറി നില്‍ക്കാന്‍ രാഹുലും വിമുഖത കാട്ടിയില്ല. കാരണം ലക്ഷ്യം മോദി മാത്രമായിരുന്നു.


രാഹുല്‍ നടത്തിയ ഭാരദ് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും വന്‍ വിജയം നേടിയെന്നതിന് തെളിവായി തെരഞ്ഞെടുപ്പ് ഫലം.


അതിനാല്‍ തന്നെ വരാനിരിക്കുന്നത് രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന്‍റെ ഒരു തേരോട്ടമായിരിക്കും എന്നുറപ്പാണ്. കേന്ദ്രത്തിലെ അസ്ഥിര സര്‍ക്കാരിനെതിരെ ലഭിക്കുന്ന അവസരങ്ങളോരോന്നും മുതലെടുക്കാന്‍ തന്നെയാണ് സഖ്യത്തിന്‍റെ തീരുമാനം. ആ നീക്കത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കെല്പുള്ള നേതാവ് രാഹുല്‍ ഗാന്ധി തന്നെയെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ രാഹുലിനെതിരെ ആക്രമണം അഴിച്ചുവിട്ട ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുലിനെ പ്രധാന എതിരാളിയായി മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചിരുന്നു. 

Advertisment