ഡല്‍ഹി: രാജ്യത്തെ പ്രധാന കക്ഷികള്‍ അപസ്വരങ്ങള്‍ പ്രതീക്ഷിച്ചിരുന്നിടത്ത് സ്മൂത്തായി മൂന്നാം സര്‍ക്കാരിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. ഘടക കക്ഷികളുടേത് ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും ഒരു അപസ്വരങ്ങളുമില്ലാതെ സ്വന്തം വകുപ്പ് കാര്യാലയങ്ങളിലെത്തി ചുമതല ഏറ്റെടുത്തു.
ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ പോലും ഒന്നാം ഘട്ടത്തില്‍ പൂര്‍ണ മന്ത്രിസഭ അധികാരമേല്‍ക്കാതിരുന്നിടത്ത് 72 അംഗ മൂന്നാം മോദി സര്‍ക്കാരാണ് ഞായറാഴ്ച അധികാരമേറ്റത്.
വില്ലന്മാരായ ഘടകകക്ഷികള്‍ വിലപേശിയിട്ടും കടുകിട വിട്ടുനല്‍കാതെയാണ് മന്ത്രിമാരുടെ എണ്ണവും വകുപ്പുകള്‍ പോലും വിഭജിച്ചത്. മോദിയുടെയും അമിത്ഷായുടെയും രാഷ്ട്രീയ നയതന്ത്രത്തിന്‍റെ ആദ്യ ജയമാണത്.
ആഭ്യന്തരം, രാജ്യരക്ഷ, മാനവശേഷി വികസനം, ഗ്രാമവികസനം, റെയില്‍വേ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളില്‍ പലതിലും ഘടകകക്ഷികള്‍ കണ്ണുവച്ചിരുന്നു. മുന്‍പ് കോണ്‍ഗ്രസ് ഘടകകക്ഷി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന കാലഘട്ടങ്ങളില്‍ ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയ ചരിത്രമുണ്ട്.
1996 - 98 കാലഘട്ടത്തില്‍ ഗേവഗൗഡ, ഗുജ്റാള്‍ സര്‍ക്കാരുകളുടെ കാലത്ത് സിപിഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് കോണ്‍ഗ്രസ് പുറത്തുനിന്ന് ഈ സര്‍ക്കാരുകളെ പിന്തുണക്കുകയായിരുന്നു.
പിന്നീട് മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരുകളുടെ കാലത്തും മമതാ ബാനര്‍ജിയും ലാലു പ്രസാദ് യാദവും ശരത് പവാറും ഉള്‍പ്പെടെയുള്ള നേതാക്കളും ഡിഎംകെ പോലുള്ള കക്ഷികളും മോഹിച്ച വകുപ്പുകളുമായി മുന്നണിയില്‍ അഴിഞ്ഞാട്ടം നടത്തിയവരാണ്.
പക്ഷേ അത്തരം നേരിയ അപസ്വരങ്ങള്‍ പോലും ഉയരാതെയാണ് ഘടകകക്ഷികള്‍ നിര്‍ണായകമായ ആദ്യ സര്‍ക്കാരിന് മോദി രൂപം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെ വകുപ്പുകളുടെ വീതം വയ്പ് പൂര്‍ത്തിയായ ശേഷം ഘടകകക്ഷികളുടെ മറ്റു വകുപ്പുകള്‍ പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. മുഴുവന്‍ പേരും ചൊവ്വാഴ്ച വൈകുന്നേരത്തോടെ അതാത് മന്ത്രാലയങ്ങളില്‍ ചുമതലയേറ്റു.
ആകെ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചത് സുരേഷ് ഗോപി മാത്രമാണ്. അത് ബിജെപിക്കുള്ളിലെ കാര്യമാണ്. ആ പ്രശ്നവും മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ചു.
ഇനി സര്‍ക്കാര്‍ തീരുമാനങ്ങളെ ഘടകകക്ഷികള്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യും എന്നതാണ് കണ്ടറിയേണ്ടത്. അതിന് കാത്തിരുപ്പ് വേണ്ടിവരും. എന്തായാലും 'ഇന്ത്യാ' സഖ്യത്തിന് തല്‍ക്കാലം കൂടുതല്‍ ആശ്വസിക്കാന്‍ വകയില്ലെന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ സൂചനകള്‍ !