ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ രോഹിണി ഏരിയയുടെ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവം ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് രോഹിണി സെക്‌ടർ 7-ലെ ശ്രീഅയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാരി മന്ദിറിൽ നടക്കും.
ഏരിയ ചെയർമാൻ ടി പി ശശികുമാർ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി എൻ സെൽവരാജ് പങ്കെടുക്കും. പ്രസിഡൻ്റ് കെ രഘുനാഥ്, മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡൻ്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, ഏരിയ സെക്രട്ടറി എം കെ സുരേഷ് തുടങ്ങിയവർ സംസാരിക്കും.
ചടങ്ങിൽ ഈ വർഷത്തെ മലയാള ചലച്ചിത്ര അവാർഡുകളിൽ മികച്ച ബാല നടനായി തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ അവ്യുക്ത് മേനോനെ ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9910633660 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.