ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) ബദർപ്പൂർ ഏരിയയുടെ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവം ബദർപ്പൂർ 151, ഡിഡിഎ ജനതാ ഫ്ലാറ്റ്‌സിലെ രണ്ടാം നിലയിൽ നടന്നു.
ഏരിയ ചെയർമാൻ മോഹനൻ നാരായണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ, ഏരിയ സെക്രട്ടറി സെൽമാ ഗിരീഷ്, ജോയിന്റ് സെക്രട്ടറി രജി സതീഷ്, മലയാളം പഠന കേന്ദ്രം അധ്യാപികമാരായ രമാ കുറുപ്പ്, കനകാ കൃഷ്‌ണൻ, ഷീജാ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
2023-2024 അദ്ധ്യയന വർഷത്തിൽ ഏരിയയിൽ നിന്നും ഉന്നത വിജയം നേടിയ പത്താം ക്ലാസിലെ ആയുഷി ശർമ്മ, ദേവിക നായർ, ആർ ആദിത്യ, ശ്രേയാ, പന്ത്രണ്ടാം ക്ലാസിലെ അമർത്യാ സാബു, അഷ്ടമി വിനോദ്, നിവേദ്യാ വേണുഗോപാൽ എന്നീ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും നൽകി.
മലയാളം ക്ലാസ് വിദ്യാർത്ഥികളായ ആർ അരുണിമ, പ്രിയങ്കാ നായർ, മിഥുന അനിൽ എന്നിവർക്കും നീലക്കുറിഞ്ഞി പരീക്ഷയിൽ വിജയിയായ ബി അശ്വതിക്കും മെമൻ്റോ നൽകി. കൂടാതെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡിഎംഎയുടെ 75-ാമത് വാർഷികാഘോഷ പരിപാടിയിൽ മാർഗ്ഗം കളി അവതരിപ്പിച്ച ഏരിയ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
മലയാള ഭാഷാ പഠന കേന്ദ്രത്തിലെ കുട്ടികൾ ആലപിച്ച കവിതകളും നൃത്തനൃത്ത്യങ്ങളും പ്രവേശനോത്സവത്തെ വർണ്ണാഭമാക്കി.