മുതലപ്പൊഴി പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം വേണം: അടൂർ പ്രകാശ് എംപി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
adoor prakash


ഡല്‍ഹി: മുതലപ്പൊഴി ഫിഷിങ് ഹാർബറിൽ ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ റൂൾ 377 പ്രകാരം ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 10ന് ഉണ്ടായ അപകടത്തിൽ നാലു മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടിരുന്നു. അതിനുശേഷം മുതലപ്പൊഴിയിൽ രണ്ട് അപകടങ്ങൾകൂടി ഉണ്ടായെങ്കിലും മത്സ്യത്തൊഴിലാളികൾ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

Advertisment

മുതലപ്പൊഴിയിലെ  അപകടങ്ങളിൽ ഇതുവരെ 69 ആളുകൾ മരണപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വള്ളങ്ങൾ തകർന്ന് മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടത്തിന് കണക്കില്ല. അപകടങ്ങള്‍ തുടർച്ചയായി ഉണ്ടാവുന്നത് സംബന്ധിച്ച് വിദഗ്ദ്ധ പഠനം നടത്തണമെന്നും, രക്ഷാപ്രവർത്തനങ്ങൾക്കായി ഇവിടെ സ്ഥിരം യൂണിറ്റിനെ നിയോഗിക്കണമെന്നും അടൂർ പ്രകാശ് എം.പി ലോക്സഭയിൽ സബ്‌മിഷനിലൂടെയും, വകുപ്പ് മന്ത്രിക്കു നൽകിയ കത്തുകളിലൂടെയും പലവട്ടം ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിനെ തുടർന്ന് 2021 ഏപ്രിലിൽ കേന്ദ്രസർക്കാർ കേരളത്തോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഹാർബറിൽ സുരക്ഷിതത്വ പ്രശ്നങ്ങൾ ഇല്ലെന്ന മറുപടിയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയത്.

വിഴിഞ്ഞം പോർട്ടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുതലപ്പൊഴി ഹാർബർ ഉപയോഗിക്കുന്നതിന് അദാനി പോർട്ട്‌ സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച്  അടിഞ്ഞുകൂടിയ ചെളിയും പാറയും നീക്കം ചെയ്തതായും ഇതിനുശേഷം ഹാർബറിൽ സുരക്ഷിതത്വ പ്രശ്നങ്ങൾ ഇല്ലെന്നും നല്ല കാലാവസ്ഥയിൽ സുഗമമായി പ്രവർത്തിക്കുന്നുവെന്നുമായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.

എന്നാൽ ഇവിടെ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി ആവശ്യപ്പെട്ടു 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാരിന് വീണ്ടും കത്ത് നൽകി. കഴിഞ്ഞ മാർച്ചിൽ മന്ത്രി നൽകിയ മറുപടിയിൽ സംസ്ഥാന സർക്കാർ  പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷനെ തുടർപഠനം നടത്തുന്നതിന് നിയോഗിച്ചതായും  അതനുസരിച്ച് ഹാർബറിൽ നടത്തേണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും വ്യക്‌തമാക്കിയിരുന്നു.

എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥ മൂലം മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ജൂലൈ 10ന് നടന്ന അപകടത്തെ തുടർന്ന് കേന്ദ്ര ഫിഷറീസ് മന്ത്രിക്ക്‌ വീണ്ടും കത്ത് നൽകിയിരുന്നു. മേൽനടപടികൾക്ക് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മാത്രമാണ് മന്ത്രിയുടെ മറുപടി.

ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഉപജീവനമാർഗമായ ഹാർബറിൽ മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കടമയാണ്. അപകടത്തിൽ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം വൈകരുതെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

Advertisment