ഡല്‍ഹി: ഷാഹി മസ്ജിദ് വെടിവെപ്പ് വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ അനുമതി നിഷേധിച്ചതായി മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ആരാധനാലയങ്ങൾക്ക് നേരെ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാർത്തകൾ സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
മുഗൾ ചക്രവർത്തിമാരുടെ കാലം മുതൽ സമ്പലിൽ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകർക്കാനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്. 1991 ൽ പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്.
ഇന്ത്യയിലാകെ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാൽ സർവ്വേ നടത്താനെന്ന പേരിൽ മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാർ പ്രവർത്തകർ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാൻ സാധിക്കും.
മുസ്‌ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ നിയമപരമായ പോരാട്ടത്തിന് മുന്നിൽ നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാർലമെന്റിന് പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ എംപിമാരായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു.