/sathyam/media/media_files/2024/12/26/KgdGcsJZ17r9TUMbZhnb.jpg)
ന്യൂ ഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ കാൽകാജി ശാഖാ നമ്പർ 4353-ന്റെ നേതൃത്വത്തിൽ 'അറിവിന്റെ അഷ്ടാംഗ മാർഗ തീർത്ഥാടനം' എന്നറിയപ്പെടുന്ന ശിവഗിരി തീർത്ഥാടനം 2025 ജനുവരി 5 ഞായറാഴ്ച്ച കൊടിയേറും.
രാവിലെ 5 മണിക്ക് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാവും 16-ാമത് പ്രതീകാത്മക ശിവഗിരി തീർത്ഥാടനം ആരംഭിക്കുക.
രാവിലെ 5:30-ന് ഗുരു പൂജ, പ്രാർത്ഥന. തുടർന്ന് 7 മണിക്ക് മെഹ്‌റോളി ഗുരുമന്ദിരത്തിൽ നിന്നും കാൽക്കാജി ഗുരുദേവ ക്ഷേത്രത്തിൽ എത്തിക്കുന്ന തീർത്ഥാടന പതാക എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി എ ഡി ഓമനക്കുട്ടൻ ഉയർത്തുന്നതോടെ തീർത്ഥാടനത്തിന് ആരംഭമാവും.
8 മണിക്ക് ഡൽഹിയിലും പരിസര പ്രദേശങ്ങളിൽനിന്നും എത്തിച്ചേരുന്ന പീതാംബര ധാരികളായ ഗുരുഭക്തരുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ അളകനന്ദ ശ്രീബാല വേണുഗോപാല ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ ഗുരുദേവന്റെ ഛായാ ചിത്രവുമായി ഭക്തി നിർഭരമായ തീർത്ഥാടന ഘോഷയാത്ര ആരംഭിക്കും.
തീർത്ഥാടന വീഥികളിൽ കാത്തു നിൽക്കുന്ന ഭക്തസഹസ്രങ്ങൾക്ക് ദർശന സായൂജ്യമേകി ഗോവിന്ദ്പുരി ഗുരുദേവ ക്ഷേത്രത്തിൽ ഘോഷയാത്ര എത്തിച്ചേരുമ്പോൾ ഗുരു പുഷ്‌പാഞ്ജലികളോടെ ക്ഷേത്ര ഭാരവാഹികൾ വരവേൽപ്പു നൽകും.
10 മണിക്ക് കാൽക്കാജി ശാഖാ പ്രസിഡന്റ് ഡി വേണുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മലയാള മനോരമ റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ മുഖ്യാഥിതിയാവും.
മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ വിശിഷ്ടാതിഥിയാവും. ഡൽഹി യൂണിയൻ പ്രസിഡന്റ് ടി എസ് അനിൽ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പ്രമുഖ പ്രഭാഷകനായ ഡോ എം എം ബഷീർ പ്രഭാഷണം നടത്തും.
യൂണിയൻ വൈസ് പ്രസിഡന്റ് സി ഡി സുനിൽ കുമാർ, യൂണിയൻ സെക്രട്ടറി എ ഡി ഓമനക്കുട്ടൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം കെ അനിൽ കുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ, ശാഖാ സെക്രട്ടറി പി ജി സുശീലൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചക്ക് 1:40-ന് അന്നദാനത്തോടുകൂടി വ്രതശുദ്ധിയുടെ പുണ്യം തേടി കാത്തിരുന്ന തീർത്ഥാടന മഹാമഹത്തിന് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്ക് 9711104310, 9971204764, 8860256982, 9811684042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.