Advertisment

നിമിഷപ്രിയയുടെ വധശിക്ഷ ഇറാന്റെ ഇടപെടലിൽ ഒഴിവായാൽ അത് ഇന്ത്യ-ഇറാൻ നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലാവും. ബ്ലഡ് മണി നൽകി അനുനയിപ്പിക്കാൻ അന്തിമ ശ്രമം. ഇന്ത്യയ്ക്ക് നേരിട്ട് നയതന്ത്രബന്ധമില്ലാത്ത ഹൂതികളെ അനുനയിപ്പിക്കാൻ ഇറാനെ ഇറക്കിയത് ഇന്ത്യയുടെ സൂപ്പർ സ്പൈ അജിത്ഡോവലിന്റെ തന്ത്രം. ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലേക്ക് നിമിഷപ്രിയയും ഇടംപിടിക്കുമ്പോൾ

യെമനുമായി സൗഹൃദത്തിലുള്ള ഇറാൻ മാനുഷിക പരിഗണന കണക്കിലെടുത്ത് തങ്ങളാൽ കഴിയുന്നതെന്തും ചെയ്യുമെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

New Update
nimishapriya yemen

ഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ഇറാന്റെ ഇടപെടലിലൂടെ സാദ്ധ്യമായാൽ അത് ഇന്ത്യ- ഇറാൻ നയതന്ത്ര ബന്ധത്തിൽ സുപ്രധാന നാഴികക്കല്ലായി മാറും.

Advertisment

യെമനുമായി സൗഹൃദത്തിലുള്ള ഇറാൻ മാനുഷിക പരിഗണന കണക്കിലെടുത്ത് തങ്ങളാൽ കഴിയുന്നതെന്തും ചെയ്യുമെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


യെമനിലെ ഇപ്പോഴത്തെ ഭരണകൂടവുമായി മികച്ച ബന്ധത്തിലാണ് ഇറാൻ. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തി നിമിഷപ്രിയയുടെ മോചനം സാദ്ധ്യമാക്കി, അതിലൂടെ നയതന്ത്ര രംഗത്തെ തിളങ്ങുന്ന ഏട് തുറക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യയുമായി നല്ല ബന്ധത്തിലാണ് ഇറാൻ.


ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്നതാണ് തന്ത്രപ്രധാനമായ ചബ്ബഹാര്‍ തുറമുഖ പദ്ധതി. ഇന്ത്യയുടെ ക്രൂഡ് ഓയിലിന്റെ മുഖ്യ സ്രോതസ്സായിരുന്നു ഇറാന്‍. ഇറാന്റെ ഇടപെടൽ നിമിഷ പ്രിയയുടെ മോചനത്തിന് നിർണായകമാകുമെന്ന് ഇന്ത്യ കരുതുന്നു.  


ബ്ലഡ് മണി നൽകി ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് പ്രേമകുമാരിയും അഭിഭാഷകരും ഉൾപ്പെട്ട സംഘം. കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ മാപ്പുനൽകിയാൽ നിമിഷപ്രിയക്ക് ജയിൽ മോചിതയാകാൻ വഴിയൊരുങ്ങും.


നിമിഷപ്രിയയെ സനയിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്‌ക്ക് യെമൻ പ്രസിഡന്റ് റാഷദ് അൽ അലിമി അംഗീകാരം നൽകിയിട്ടുണ്ട്.

തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ 2017 മുതൽ കഴിയുകയാണു പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ.


2023ൽ നിമിഷ പ്രിയയുടെ അപ്പീൽ യെമനിലെ സുപ്രീംകോടതി തള്ളിയെങ്കിലും യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചിതയാകാനുള്ള സാദ്ധ്യത കോടതി തുറന്നിട്ടിരുന്നു.


വധശിക്ഷ ഒരു മാസത്തിനകം നടപ്പാകുമെന്നാണു വിവരം. മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വർഷം ഏപ്രിൽ 20നു യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. 

ഇതിനിടെ 2 തവണ മകളെ ജയിലിൽചെന്നു കാണാൻ സാധിച്ചു. 2015 ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു.


സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളിയിരുന്നു.


യെമന്റെ തലസ്ഥാനമായ സനാ ഇപ്പോൾ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇവർക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇതാണ് നയതന്ത്രനീക്കത്തിന് ഇന്ത്യ ഇറാന്റെ സഹായം തേടാൻ കാരണം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനു നിലവിൽ യെമനിൽ സജീവമായ ഉദ്യോഗസ്ഥ സംവിധാനമില്ല. ഹൂതി വിമതരുമായി കാര്യമായ ബന്ധവും ഇന്ത്യയ്ക്കില്ല. ഈ സാഹചര്യത്തിൽ ഇറാന്റെ ഇടപെടൽ നിമിഷപ്രിയയുടെ മോചനത്തിന് ഏറെ സഹായകമാകുമെന്നാണു വിലയിരുത്തൽ.

വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാണിപ്പോൾ.


ഇന്ത്യയ്‌ക്ക് നേരിട്ട് ഭീഷണിയാകുന്ന പാകിസ്താൻ, താലിബാൻ ഭരണകൂട പിന്തുണയുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നയത്തിന് ഇറാൻ പൂർണ്ണമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  


21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത് ഇറാനിലെ ഛാബഹാര്‍ തുറമുഖത്തിന്റെ കാര്യത്തിലാണ്.

തുറമുഖ നിയന്ത്രണം അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് കൈമാറാനുള്ള കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചിരുന്നു.

ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് 550 നോട്ടിക്കല്‍ മൈലും മുംബൈയില്‍നിന്ന് 786 നോട്ടിക്കല്‍ മൈലും മാത്രം അകലെയുള്ള ഛാബഹാര്‍ ഇന്ത്യയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ളതാണ്. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തുനിന്ന് വെറും 140 കിലോമീറ്റര്‍ മാത്രം അകലെയാണ് ഛാബഹാർ.

Advertisment